അരികിൽ ചായക്കപ്പ്; പാക് മ്യൂസിയത്തില്‍ അഭിനന്ദന്റെ പ്രതിമ

അരികിൽ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികൻ, അതേ വസ്ത്രങ്ങൾ...  ഇന്ത്യൻ വ്യോമ സേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന്. മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഗ്ലാസ് കൂടാരത്തിനുള്ളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പാക് സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോൾ അഭിനന്ദൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും ഗ്ലാസ് കൂടാരത്തിനുള്ളിൽ വെച്ചിട്ടുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൻ വിമാനത്തിൽ പിന്തുടര്‍ന്ന അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്.