മദ്യപിക്കുന്നത് വിലക്കിയ ഭാര്യയെ വെട്ടിക്കൊന്നു; തലയുമായി സ്റ്റേഷനിലെത്തി യുവാവ്

മദ്യപാനം വിലക്കിയതിന് ഭാര്യയെ കൊന്ന് തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആഗ്രയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

17 വർഷം മുമ്പാണ് ടി വി മെക്കാനിക്കായ നരേഷ് ശാന്തിയെ വിവാഹം ചെയ്തത്. ഇവർക്ക് മൂന്ന് പെൺമക്കളും ഒരു മകനും ഉണ്ട്. മദ്യപാനശീലം നിർത്തണമെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് വെളിപ്പെടുത്തി. പതിവുപോലെ ഞായറാഴ്ച രാത്രി വീട്ടിലിരുന്ന് നരേഷ് മദ്യപിക്കാൻ തുടങ്ങിയതും ഭാര്യ വിലക്കി. ഇതോടെ കുപിതനായ ഇയാൾ ഭാര്യയുടെ തല കത്തികൊണ്ട് അറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയറുത്ത് മാറ്റിയ ശേഷം മൃതദേഹം മുറിയിലാക്കി പൂട്ടിയിട്ടാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. 

നേരം പുലർന്നിട്ടും അമ്മയെ കാണാതായതോടെ മകൾ അന്വേഷിച്ചു. മുറിയിലേക്ക് എത്തി നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം നടത്തിയപ്പോൾ മദ്യപിച്ചിരുന്നില്ലെന്നും ഭാര്യയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് കൃത്യമെന്നുമാണ് ഇയാൾ പൊലീസിൽ നൽകിയ മൊഴി. കേസിൽ തെളിവ് നശിപ്പിക്കുന്നതിന് നരേഷ് ശ്രമിച്ചുവെന്നും സ്ഥലത്ത് ഫൊറൻസിക് സംഘം ഉടൻ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.