യെഡിയൂരപ്പ വലിയ മനുഷ്യൻ; 700 കോടി ചോദിച്ചു, ആയിരം കോടി തന്നു; വിവാദ എംഎൽഎ

വിവാദങ്ങളിലും ആരോപണങ്ങളിലും വീണ്ടും ഉലയുകയാണ് കർണാടക രാഷ്ട്രീയം. സഖ്യസർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപി സർക്കാരിനും തലവേദനകൾ കൂടുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഒരു എംഎൽഎയ്ക്ക് ആയിരം കോടി രൂപ നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. തന്റെ മണ്ഡലത്തിന്റെ വികസനത്തിനാണ് യെഡിയൂരപ്പ ആയിരം കോടി രൂപ നൽകിയെന്ന്  അയോഗ്യനാക്കപ്പെട്ട കൃഷ്ണരാജ്പേട്ട് എംഎൽഎ നാരായണ ഗൗഡ പറയുന്നത്

‘എച്ച്.ഡി. കുമാരസ്വാമി സർക്കാർ വീഴുന്നതിനുമുമ്പ് ഒരുദിവസം, അതിരാവിലെ അഞ്ചുമണിക്ക് ഒരാൾ വന്ന് എന്നെ യെഡിയൂരപ്പയുടെ വസതിയിലേക്കു കൊണ്ടുപോയി. വീട്ടിലെത്തുമ്പോൾ അദ്ദേഹം പൂജ നടത്തുകയായിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു. വീണ്ടും മുഖ്യമന്ത്രിയാകാൻ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 300 കോടി രൂപ കൂടി ചേർത്ത് ആയിരം കോടി രൂപ നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. അദ്ദേഹം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയൊരു വലിയ മനുഷ്യനെ ഞാൻ പിന്തുണയ്ക്കണമെന്നല്ലേ നിങ്ങൾ കരുതുക? ഞാനതു ചെയ്തു.’ – ഗൗഡ പറഞ്ഞു.