60 ദിവസങ്ങള്‍ക്ക് ശേഷം കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ പുറംലോകം കണ്ടു; കൂടിക്കാഴ്ച

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയുമായും ഉമര്‍ അബ്ദുള്ളയുമായും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീനഗറിലെ വീടുകളിലെത്തിയാണ് മുതിര്‍ന്ന നേതാവായ ദേവേന്ദ്ര സിങ് റാണയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കണ്ടത്.  കഴിഞ്ഞ രണ്ട് മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ഇരുവരെയും കാണാന്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി നല്‍കുന്നത്. 

അറുപത് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയെയും മകന്‍ ഉമര്‍ അബദുള്ളയെയും പുറംലോകം കണ്ടു. ജമ്മുവില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫ്രന്‍സിന്‍റെ മുതിര്‍ന്ന നേതാവായ ദേവേന്ദ്ര സിങ് റാണയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പ്രതിനിധിസംഘത്തോടൊപ്പം ഇരുവരം ക്യാമറകളെ അഭിവാദ്യം ചെയ്തു.  മുന്‍മുഖ്യമന്ത്രിമാരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് എത്തിതയതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പറഞ്ഞു. അതേസമയം ഈ മാസം 24ന് നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടന്ന നിര്‍ദേശം ഇരുവരും നേതാക്കള്‍ക്ക് നല്‍കിയതായാണ് വിവരം. 

പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ തടവിലാക്കിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇവരെ ഘട്ടം ഘട്ടമായി വിട്ടയക്കുമെന്ന് കഴിഞ്ഞദിവസം ഗവര്‍ണര്‍ സത്യാപാല്‍ മലിക്കിന്‍റെ ഉദേഷ്ടാവ് പറഞ്ഞിരുന്നു. ഫറൂഖ്, ഉമര്‍ അബദുള്ളമാരെ കാണാന്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കളെ അനുവദിച്ചത് സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുന:സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന സന്ദേശം നല്‍കുന്നതിനാണെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.