പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവ് സംപ്രേഷണം ചെയ്തില്ല; ദൂരദര്‍ശന്‍ ജീവനക്കാരിക്കു സസ്പെന്‍ഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ നടത്തിയ പ്രസംഗം ലൈവ് സംപ്രേഷണം നടത്താത്തിനു  ദൂരദര്‍ശന്‍ ജീവനക്കാരിക്കു സസ്പെന്‍ഷന്‍. ദൂരദര്‍ശന്‍ ചെന്നൈ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍  ആര്‍.വി വസുമതിയെയാണ് പ്രസാര്‍ ഭാരതി  സി.ഇ.ഒ നേരിട്ടു സസ്പെന്റ് ചെയ്തതു.

തിങ്കളാഴ്ചയാണ് മദ്രാസ് ഐ.ഐ.ടിയുടെ രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിച്ചത്.‌ സിംഗപ്പൂര്‍ –ഇന്ത്യ ഹാക്കത്തോണിന്റെ സമ്മാനദാന ചടങ്ങായിരുന്നു ആദ്യ പരിപാടി. ഈ പരിപാടിയിലെ മോദിയുടെ പ്രസംഗം  ദൂരദര്‍ശന്റെ തമിഴ് ജനപ്രിയ ചാനലായ  ‍ഡി.ഡി. പൊതികൈയില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നില്ല.  പരിപാടിയുടെ ചിലഭാഗങ്ങള്‍ മാത്രമാണ് ലൈവായി കാണിച്ചത്.

ഇതുസംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അന്വേഷണം വന്നതോടെയാണ്  അച്ചടക്കനടപടിയുമായുണ്ടായത്. ദൂരദര്‍ശന്‍ ചെന്നൈ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. വി വസുമതിക്കായിരുന്നു പരിപാടിയുടെ ചുമതല.ഡല്‍ഹിയില്‍  നിന്ന്  നിര്‍ദേശമുണ്ടായിട്ടും പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവായി സംപ്രേഷണം ചെയ്യേണ്ടെന്നു തീരുമാനിച്ചത് ധിക്കാരപരമെന്നു ചൂണ്ടികാണിച്ചാണ് സസ്പെന്‍ഷന്‍ . പ്രസാര്‍ഭാരതി സി.ഇ.ഒ.ശശിശേഖര്‍ വമ്പട്ടി നേരിട്ടാണ് ഉത്തരവിറക്കിയത്. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടപ്രകാരം അന്വേഷണം തുടങ്ങിയതിനാല്‍ സസ്പെന്റ് ചെയ്യുന്നുവെന്നു പറയുന്ന ഉത്തരവില്‍ മറ്റുകാരണങ്ങളൊന്നും വ്യക്തമാക്കുന്നില്ല.

അതേ സമയം ഡി.ഡി നാഷണല്‍ പ്രസംഗം ലൈവായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയുടെ തമിഴരുടെയും  ആതിഥ്യമര്യാദയെ  പുകഴ്ത്തിയ പ്രസംഗം  തമിഴ്നാട്ടിനു പുറമെ മലേഷ്യ സിംഗപ്പൂര്‍ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍  ഏറെ പ്രേക്ഷകരുള്ള  ഡിഡി പൊതികൈയില്‍ സംപ്രേഷണമില്ലാത്തതാണ് പി.എം.ഒ ഓഫിസിനെ പ്രകോപിപ്പിച്ചത്.