10 വർഷത്തിനിടെ 1000 ശസ്ത്രക്രിയകൾ; വ്യാജ ഡോക്ടർ ഒടുവിൽ കുടുങ്ങി

പത്ത് വർഷത്തോളം വ്യാജ ഡോക്ടറായി ജോലി ചെയ്തിരുന്നയാള്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മീററ്റിലെ സർക്കാരാശുപത്രിയിൽ ജോല ിചെയ്തിരുന്ന ഓംപാലാണ് പിടിയിലായത്. തന്നെ ആരോ ബ്ലാക്ക്മെയിൽ ചെയ്യാനായി ശ്രമിക്കുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് പത്ത് വര്‍ഷമായി നടന്ന തട്ടിപ്പ് പുറത്തായത്.

രാജേഷ് ശർമ്മയെന്ന പേരിലാണ് ഇയാൾ മീററ്റിൽ അറിയപ്പെട്ടിരുന്നത്. പൊതുജന സമ്മതനുമായിരുന്നു. മൈസൂരിൽ നിന്ന് പഠനം പൂർത്തിയാക്കിയതിന്റെ വ്യാജസർട്ടിഫിക്കറ്റുകൾ നൽകിയാണ് ഓം പാൽ മീററ്റിൽ ജോലിക്ക്  കയറിയത്. മൈസൂരിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം വിദേശത്തേക്ക് കുടിയേറിയ സുഹൃത്ത് രാജേഷിന്റെ സർട്ടിഫിക്കറ്റാണ് ഓംപാൽ ദുരുപയോഗം ചെയ്തത്. ഈ സർട്ടിഫിക്കറ്റിൽ ഓംപാൽ തന്റെ ഫോട്ടോ വെട്ടി ഒട്ടിക്കുകയായിരുന്നു.

സർട്ടിഫിക്കറ്റ് പരിശോധിച്ചതോടെ അതിൽ രാജേഷ് ആർ എന്ന് മാത്രമാണ് പൊലീസ് കണ്ടത്. ഇതേ തുടർന്ന് നടത്തിയ വിശദമായ  അന്വേഷണത്തിലാണ് ഓംപ്രകാശ് കുടുങ്ങിയത്. ആയിരത്തോളം ശസ്ത്രക്രിയകൾ താൻ നടത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ശരൺപൂർ ജില്ലയിൽ സ്വന്തമായി നഴ്സിങ് ഹോമും ഓം പാൽ നടത്തിവന്നിരുന്നു.