ഫ്ലക്സ് പൊട്ടിവീണ് യുവതിയുടെ മരണം; വിഡിയോ പുറത്ത്; വിവാദം ചൂടാകുന്നു

ഫ്ലക്സ് പൊട്ടിവീണ് യുവതി മരിക്കാനിടയായ സംഭവം തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇപ്പോഴിതാ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ  23കാരി ശുഭ ശ്രീ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടത്തില്‍ മരിച്ചത്. 

അതേസമയം, നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ വിവാദമാകുകയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണു സര്‍ക്കാര്‍ നടപടിയിലേക്കു കടന്നത്. എത്ര ലീറ്റർ രക്തം കൊണ്ടാണു സർക്കാർ റോഡുകൾ ചായംപൂശാൻ ഉപയോഗിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ശുഭശ്രീയുടെ മരണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സംഭവം ഖേദകരമാണ്. ബാനറുകളും ഫ്ലെക്സുകളും ഉപയോഗിക്കുന്ന പരിപാടിയിൽ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. അനധികൃത ഫ്ലെക്സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയില്ല. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.