രാഷ്ട്രപതിയാകാൻ എന്തുചെയ്യണം; മോദിയോട് വിദ്യാർഥി; മറുപടി ഇങ്ങനെ; വിഡിയോ

ചന്ദ്രയാന്‍ ചടങ്ങിന് സാക്ഷിയാകാനെത്തിയതിനിടെ, ഒരു വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ച ചോദ്യം വൈറലാകുന്നു. ഇന്നലെ ചന്ദ്രയാൻ 2 ചന്ദ്രനിൽ തൊടുന്ന നിമിഷത്തിന് സാക്ഷിയാകാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 

‘സർ, എന്റെ സ്വപ്നം ഇന്ത്യയുടെ രാഷ്ട്രപതി ആകണം എന്നുള്ളതാണ്. അതിനായി ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?’ മോദിയോട് വിദ്യാർഥി ചോദിച്ചു. അപ്രതീക്ഷിതമായ ഇൗ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ‘എന്തുകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രപതിയാവാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ചുകൂടെ.?’ ചിരിയോടെയാണ് മോദിയുടെ ചോദ്യം ആ വിദ്യാർഥി ഏറ്റെടുത്തത്. പിന്നീട് കുട്ടിയെ ചേർത്ത് നിർത്തി സംസാരിക്കുകയും വിജയത്തിനെ കുറിച്ചുള്ള നിർദേശങ്ങൾ നൽകിയുമാണ് മോദി യാത്ര പറഞ്ഞത്.  

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം അവസാന നിമിഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്ന് ദൗത്യം അനിശ്ചിതത്വത്തിലായത് കുട്ടികളെയും സങ്കടത്തിലാക്കിയിരുന്നു. എന്നാൽ തൊട്ടടുത്തെത്തിയ ഇൗ നേട്ടം വിജയം തന്നെയെന്ന് ഉറപ്പിച്ചാണ് കുട്ടികൾ മടങ്ങിയത്. ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമായി. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ. ശിവൻ പുലർച്ചെ 2.18ന് അറിയിച്ചു. 

സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവറും പ്രവർത്തനരഹിതമാകും.