സഞ്ചാരികളൊഴിഞ്ഞ് കശ്മീർ; വിജനമായി ദാൽ തടാകം

പ്രത്യേക ഭരണഘടനാപദവി നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി വിനോദസഞ്ചാരികളെ പൂര്‍ണമായും ഒഴിപ്പിച്ചതോടെ വിജനമാണ് ശ്രീനഗറിലെ ദാല്‍ തടാകം. സീസണ്‍ സമയത്തുണ്ടായ ഈ നടപടി വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടു. വിജനമായ ദാല്‍ തടാകത്തില്‍ നൂറ് കണക്കിന് ഹൗസ് ബോട്ടുകളും ശിക്കാരകളുമാണ് കെട്ടിക്കിടക്കുന്നത്. 

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍, അത് കശ്മീരാണെന്ന പ്രയോഗം ശരിയാണെന്ന് ദാല്‍ തടാകത്തിലൂടെ ഒരു സയാഹ്ന സവാരി നടത്തിയാല്‍ ആര്‍ക്കും തോന്നാം. അതുകൊണ്ട് തന്നെയാണ് വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായി ദാല്‍ തടാകം മാറിയത്. ഏപ്രില്‍ മുതല്‍ ഓക്ടോബര്‍ അവസാനം വരെയാണ് കശ്മീരില്‍ വിനോദ സ‍ഞ്ചാരത്തിന്‍റെ സീസണ്‍ .  മഞ്ഞുപെയ്ത്ത് തുടങ്ങുന്നതിന് മുമ്പ് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെക്കൊണ്ട് ദാല്‍ തടാകം നിറയേണ്ട സമയമാണിത്. പക്ഷെ ദാല്‍ വിജനമാണ്. വേദനിപ്പിക്കുന്ന കാഴ്ചകളായി യാത്രക്കാരെ കാത്ത് മടുത്തിരിക്കുന്ന ശിക്കാരകളും കാലിയായ ഹൗസ് ബോട്ടുകളും.

4500 ശിക്കാരകളാണ് തടാകത്തിലുള്ളത്. 1200 ഹൗസ് ബോട്ടുകളും. ഒരു ലക്ഷത്തിലേറെ പേര്‍ ഇവയെ ആശ്രയിച്ച് തൊഴിലെടുക്കുന്നു. സീസണ്‍ സമയത്ത് വിനോദ സ‍ഞ്ചാരികളെ ഒഴിപ്പിച്ചതോടെ ഇവരുടെ ജീവിതമാണ് വഴിമുട്ടിയത്. ഡിസംബറില്‍ ദാലിനെ മഞ്ഞ് മൂടും. പിന്നെ മൂന്ന് മാസം ജോലിയുണ്ടാകില്ല. സീസണ്‍ കാലത്തെ വരുമാനം കൊണ്ടാണ് അന്ന് ജീവിതം മുന്നോട്ട് കൊണ്ടു പോവുക. പക്ഷെ ഇക്കുറി വറുതിയടെ മഞ്ഞുകാലമാണ് ഇവരെ കാത്തിരിക്കുന്നത്. കാര്യങ്ങളെല്ലാം നേരെയായി അടുത്ത സീസണിലെങ്കിലും വിനോദ സഞ്ചാരികള്‍ വന്നുതുടുങ്ങുമെന്ന പ്രതീക്ഷയിലാണിവര്