'370'നെക്കുറിച്ച് ട്വീറ്റ്; അനുരാഗ് കശ്യപിന് വിമർശനം; വീണ്ടും വിശദീകരണം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ച് വിമർശനാത്മകമായി പ്രതികരിച്ച് അനുരാഗ് കശ്യപ്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ട്വീറ്റാണ് വിമർശനങ്ങളിലേക്ക് നയിച്ചത്. മോദിയുടെയോ ബിജെപിയുടെയോ പേര് പരാമർശിക്കാതെയായിരുന്നു ട്വീറ്റ്. 

''അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നു വെച്ചാൽ രാജ്യത്തെ 120 കോടി ജനങ്ങൾക്ക് നേട്ടമുണ്ടാകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതും നടപ്പിലാക്കുന്നതും ഒരൊറ്റ മനുഷ്യനാണ്'', എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്. 

അനുരാഗ് കശ്യപിനെ വിമർശിച്ചുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നതിലധികവും. ''ഇതിൽ അമ്പരക്കാനൊന്നുമില്ല. ‍ഞങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തത് ഇതിനു വേണ്ടിയാണ്, രാജ്യതാത്പര്യത്തിന് അനുസരിച്ചുള്ള നയങ്ങളാണ് മോദി സ്വീകരിച്ചത്, ഇത്തരം ധീരമായ നടപടികളെടുക്കാൻ 70 വര്‍ഷങ്ങൾക്കു ശേഷം ഇന്ത്യക്ക് ഒരു ഭരണാധികാരിയെ ലഭിച്ചിരിക്കുന്നു'' എന്നിങ്ങനെയാണ് കമന്റുകൾ. 

തുടർന്ന് വിശദീകരണവുമായി അനുരാഗ് കശ്യപ് വീണ്ടും രംഗത്തെത്തി. ''37–ാം അനുച്ഛേദത്തെക്കുറിച്ചോ 35A യെക്കുറിച്ചോ എനിക്ക് കൂടുതലായി പറയാനാകില്ല. അതിന്റെ ചരിത്രമോ അതെക്കുറിച്ചുള്ള വസ്തുതകളോ അറിയില്ല. ചിലപ്പോൾ ഇത് നന്നായെന്നു തോന്നും, ‌ചിലപ്പോൾ അത്ര അത്യാവശ്യമായിരുന്നോ എന്നും തോന്നും. ഞാനൊരു കശ്മീരി മുസ്‍ലിമല്ല, ഒരു കശ്മീരി പണ്ഡിറ്റുമല്ല. ചില കശ്മീരി സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട്, അവരുടെ കഥ 'റാഷമൺ' പോലെയാണെന്ന്. പല വേർഷനുകളുമുണ്ടാകും. എല്ലാം ശരിയാണ്, എല്ലാം തെറ്റുമാണ്. ഇത് നടപ്പിലാക്കിയ രീതി തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്'', അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.