പൂർത്തിയാക്കാതെ മടങ്ങുന്നത് രണ്ടാം തവണ; 'കുമാരണ്ണ'യുടെ രാഷ്ട്രീയവഴികള്‍

രണ്ടാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി കസേരയൊഴിയുന്നത്.  ബദ്ധവൈരികളുമായി കൈകോര്‍ത്ത് നേടിയ കസേരയുടെ ആയുസ് ഇത്രയേ ഉണ്ടാകൂ എന്ന് അദ്ദേഹം മുന്നേ മനസിലാക്കിയതാണ്. മുഖ്യമന്ത്രിയായത് കാളകൂട വിഷം കഴിച്ചതുപോലെയെന്നും കുമാരസ്വാമി ഒരിക്കല്‍ പറഞ്ഞു. 

'ആക്സിഡന്റൽ പൊളിറ്റീഷൻ' എന്നാണ് കുമാരസ്വാമി തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും രാഷ്ട്രീയവും പദവികളും തളികയിൽ വച്ചു കിട്ടിയ കുമാരണ്ണയുടെ കാര്യത്തില്‍ അത് സത്യവുമാണ്. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ അരങ്ങേറ്റം. അന്ന് അച്ഛൻ എച്ച്.ഡി. ദേവെഗൗഡ മുഖ്യമന്ത്രി. മൂന്നാം മുന്നണി എന്ന ദേശീയ പരീക്ഷണനാടകത്തിൽ അപ്രതീക്ഷിതമായി നായകവേഷം കിട്ടിയ ദേവെഗൗഡ പ്രധാനമന്ത്രിയായി. കന്നി എംപിമാരിൽ ഏറ്റവും ഗ്ലാമർ താരമായി കുമാരസ്വാമി. എന്നാൽ രണ്ടു വർഷംകഴിഞ്ഞ് വീണ്ടുമെത്തിയ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും കിട്ടാതെ തോൽവി. 99ൽ ശാന്തനൂരിൽനിന്ന് നിയമസഭയിലേക്ക് അടുത്ത തോൽവി. 2004ൽ നിയമസഭയിലേക്കു വിജയിച്ചായിരുന്നു തിരിച്ചുവരവ്. രണ്ടു വർഷത്തിനകം  ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.  2007ല്‍ ധാരണപ്രകാരം ബിജെപിക്കു മുഖ്യമന്ത്രി പദം കൈമാറേണ്ട ഘട്ടത്തിൽ സഖ്യം വിട്ടു.

2009 ല്‍  വീണ്ടും ലോക്സഭാംഗം. 2013 ൽ ദൾ സംസ്ഥാന അധ്യക്ഷനായെങ്കിലും മണ്ഡ്യ, ബെംഗളൂരു റൂറൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പാർട്ടി തോൽവിയെ തുടർന്ന് രാജിവച്ചു. 2013ല്‍  രാമനഗരയിൽനിന്ന് നിയമസഭയിൽ. പ്രതിപക്ഷ നേതാവ്. 2014 ൽ വീണ്ടും ദൾ സംസ്ഥാന അധ്യക്ഷൻ. 2018 ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയഅപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളില്‍ കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയായി.