dr-tm-nair

ആധുനിക തമിഴ്നാടു രാഷ്ട്രീയത്തിനു വിത്തിട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ എത്ര പേര്‍ക്കറിയും. ദ്രാവിഡ പ്രസ്ഥാനം ഉടലടുത്തത് തന്നെ ഒരു പാലക്കാട്ടുകാരിന്റെ ചിന്തയിലാണ് ആദ്യം. അരനൂറ്റാണ്ടായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പടിക്കു പുറത്തു നിര്‍ത്തി തമിഴ്നാടു നിറഞ്ഞുനില്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തിന് വിത്തിട്ടത് മൂന്നുപേരാണ്. ത്യാഗരാജ ഷെട്ടി, നടേശ മുതലിയാര്‍, പിന്നെ തരവത്ത് മാധവന്‍ നായരെന്ന  ഡോ.ടിഎം നായര്‍. ഈ ജസ്റ്റിസ് പാര്‍ട്ടിയാണ് ഡി.എം.കെയും അണ്ണാ ഡി.എം.കെയും മറ്റുമായി ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ ഇന്നു നിറഞ്ഞുനില്‍ക്കുന്നവരുടെ ആദ്യപ്രസ്ഥാനം.  തമിഴ്നാട് ജനതയുടെ ഭാഗധേയം തന്നെ നിര്‍ണയിച്ച മലയാളിയുടെ നൂറാം ചരമവാര്‍ഷികമാണ് ഇന്ന്. 51-ാം വയസ്സിൽ, 1917 ജൂലൈ 17 ന് ഇംഗ്ലണ്ടിലെ ഗോൾഡേഴ്സ് ഗ്രീനിൽ വച്ചായിരുന്നു മരണം.

 

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആചാര്യനായി  കണക്കാക്കുന്ന പെരിയാർ ഇ.വി.രാമസാമി ദ്രാവിഡ ലെനിന്‍ എന്നു വിശേഷിപ്പിച്ച ബഹുമുഖ പ്രതിഭയ്ക്ക് ആകെയുള്ള സ്മാരകം ഒരു തപാല്‍ സ്റ്റാമ്പും നഗരത്തിലെ ചെറിയ റോഡിന്റെ പേരുമാത്രം.

 

ആരാണ് ഡോ.ടി.എം.നായര്‍..? 

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയിലെ തിരൂരിൽ 1868 ജനുവരി 15നായിരുന്നു ജനനം. പിതാവ് ശങ്കരൻ നായർ ജില്ലാ മുൻസിഫായിരുന്നു. 

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസ കാലത്തു  തന്നെ  മികച്ച വിദ്യാർഥിയെന്ന  പേരു നേടി. തുടര്‍ന്ന്  മദ്രാസ് മെഡിക്കൽ കോളജിൽ മെഡിസിനു  ചേർന്നെങ്കിലും ഇംഗ്ലണ്ടിലേക്ക് പോയി. പഠനകാലത്ത് തന്നെ സ്റ്റുഡന്റ് കൗൺസിലിൽ പ്രസിഡന്റ് ഉൾപ്പെടെ പദവികൾ വഹിച്ചു. സർവകലാശാലയിലെ ലിബറൽ വിദ്യാർഥി കൂട്ടായ്മയുടെ പ്രസിദ്ധീകരണമായ ദ സ്റ്റുഡന്റിന്റെ എഡിറ്ററായി. ലണ്ടൻ ഇന്ത്യൻ സൊസൈറ്റി, ബ്രട്ടീഷ് മെഡിക്കൽ അസോസിയേഷൻ എന്നിവയിലും സജീവമായി പ്രവർത്തിച്ചു. ഫ്രാൻസിൽ ഇഎൻടി ഗവേഷണം കൂടി പൂർത്തിയാക്കി 1897-ലാണു ഇന്ത്യയിൽ തിരിച്ചെത്തിയത്. 

 

ഡോക്ടറില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

രാജ്യം സ്വതന്ത്ര സമരത്തിന്റെ തീക്ഷ്ണതയിലൂടെ കടന്നുപോകുന്ന സമയം. നായര്‍ക്കും ചുറ്റുപാടുകളെ കണ്ടില്ലെന്ന് നടിക്കാനായില്ല, അങ്ങിനെ 

ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നു. മെഡിക്കൽ സർവീസിൽ ഇന്ത്യൻ  ഡോക്ടർമാർക്കു തുല്യ പരിഗണനയ്ക്കു വേണ്ടി  വാദിച്ചു.1904  മുതൽ 12 വർഷത്തോളം  ട്രിപ്ലിക്കേനെ പ്രതിനിധീകരിച്ചു ചെന്നൈ കോർപറേഷൻ കൗൺസിലറായി. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയില്ലായ്മ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തി കോർപറേഷൻ ഭരണത്തെ ചോദ്യം  ചെയ്തു. ഇന്ത്യാ സർ‍ക്കാരിന്റെ ലേബർ കമ്മിഷൻ അംഗമായിരിക്കെ, ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്നതുൾപ്പെടെയുള്ള വിപ്ലവകരമായ ശുപാർശകൾ സമർപ്പിച്ചു. ഒന്നാം ലോക മഹായുദ്ധ  കാലത്ത്  എസ്.എസ്.മദ്രാസെന്ന ആശുപത്രി കപ്പലിലെ സർജനായി അനുഷ്ഠിച്ച സേവനം മുൻനിർത്തി ബ്രട്ടീഷ് സർക്കാർ കൈസർ ഇ ഹിന്ദ്  പദവി നൽകി. 

 

ഒരു തോല്‍വി തമിഴ്നാടിന്റെ ചരിത്രം മാറ്റി

1912-ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു ജയിച്ച നായർ 1916-ൽ  പരാജയപ്പെട്ടു. തോൽവിക്കു കാരണം കോൺഗ്രസിലെ ബ്രാഹ്മണ  നേതാക്കളാണെന്നു ആരോപിച്ച ടി.എം.നായർ പാർട്ടിയുമായി അകന്നു. തുടർന്നു ത്യാഗരാജ ചെട്ടിയും നടേശ മുതലിയാരുമായി ചേർന്നു നടത്തിയ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനമാണു  ഇന്നത്തെ തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

 

2016 നവംബർ 20ന് വിക്ടോറിയ ഹാളിൽ 30 പേർ പങ്കെടുത്ത യോഗത്തിലാണു സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ രൂപം കൊണ്ടത്. കൂട്ടായ്മയ്ക്കൂ കീഴിൽ ജസ്റ്റിസ് എന്ന പത്രം തുടങ്ങിയതോടെ, അതു ജസ്റ്റിസ് പാർട്ടിയെന്നറിയപ്പെട്ടു. മരണംവരെ ജസ്റ്റിസ് പത്രത്തിന്റെ ചീഫ് എഡിറ്റർ പദവി വഹിച്ചതു ഡോ.നായരാണ്. ജസ്റ്റിസിലും ഇംഗ്ലണ്ടിലെ പ്രസിദ്ധീകരണങ്ങളിലും നായർ നിരന്തരമായി എഴുതിയ ലേഖനങ്ങളും റിപ്പോർട്ടുകളുമാണു ദ്രാവിഡ പ്രസ്ഥാനത്തിനു പ്രത്യയശാസ്ത്ര അടിത്തറയിട്ടത്. 

 

ടി.എം.നായർ മരിച്ചു വർഷങ്ങൾക്കു ശേഷമാണ് പെരിയാർ  ജസ്റ്റിസ് പാർട്ടിയുടെ നേതൃത്വത്തിൽ വരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സ്വാഭിമാന പ്രസ്ഥാനവും  ജസ്റ്റിസ് പാർട്ടിയുടെ ആശയങ്ങളും ചേർത്തുദ്രാവിഡ കഴകം രൂപീകരിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു പെരിയാർ വിട്ടുനിന്നപ്പോൾ ശിഷ്യൻ അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകമെന്ന പേരിൽ പാർട്ടിയുണ്ടാക്കി. 1967 മുതൽ ദ്രാവിഡ പാർട്ടികളുടെ കൈകളിലാണു തമിഴ്നാടിന്റെ ഭരണം. സർക്കാർ ജോലികളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമെന്ന വാദം ബ്രട്ടീഷ് പാർലമെന്റിൽവരെ ടി.എം.നായർ ഉയർത്തി. ഇതേ ആവശ്യത്തിൽ ബ്രട്ടീഷ് അധികൃതരുമായി ചർച്ചയ്ക്കെത്തിയപ്പോഴാണ്, 1919 ജൂലായ് 17ന് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം നിര്യാതനായത്. 

 

ഒരു റോഡിലൊതുങ്ങി മഹാന്റെ സ്മരണ

ടി നഗറിനെയും പോണ്ടി ബസാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്കു ഡോ.നായർ റോഡെന്ന പേരു നൽകി തമിഴകം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു. തമിഴ്നാടിന്റെ മുൻകയ്യിൽ 2008-ൽ കേന്ദ്ര സർക്കാർ ടി.എം.നായരുടെ പേരിൽ സ്റ്റാംപ് പുറത്തിറക്കി. 

 

മലയാള സാഹിത്യകാരി തരവത്ത് അമ്മാളു അമ്മയുടെ സഹോദരനായിരുന്ന ടി.എം.നായർ മലയാളത്തിലും ഒട്ടേറെ ലേഖനങ്ങളെഴുതിയിട്ടുണ്ട്. മദ്രാസ് കോർപറേഷൻ അംഗമായിരിക്കെ, പാലക്കാട്  മുനിസിപ്പൽ കൗൺസിൽ പുനരുജ്ജീവിപ്പിക്കുന്നതിനു ശബ്ദമുയർത്തി ജന്മനാടിനോടുള്ള സ്നേഹം വ്യക്തമാക്കി. ഓർമയായി നൂറു വർഷത്തിനു ശേഷവും ദ്രാവിഡ  രാഷ്ട്രീയത്തിലെ മലയാളി അതികായനു പക്ഷേ, അര്‍ഹിക്കുന്ന രീതിയിലുള്ള അംഗീകാരങ്ങളൊന്നും കിട്ടിയിട്ടില്ല, തമിഴ്നാട്ടിലും കേരളത്തിലും.