സമരം ശക്തം; ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഹൈദരാബാദ് ക്യാംപസ് അടച്ചു

വിദ്യാര്‍ഥി സമരം ശക്തമായതോടെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഹൈദരാബാദ് ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു.  ഹോസ്റ്റല്‍ ഫീസ് കുറയ്ക്കണമെന്നാവശ്യപെട്ട് തുടങ്ങിയ സമരം മൂലം അധ്യാപകര്‍ക്ക് ക്യാംപസിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് അടച്ചിടുന്നതെന്നാണ് ടിസ് മാനേജ്മെന്റിന്റെ വാദം. 

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ടാറ്റ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഹൈദരാബാദ് ക്യാംപസില്‍  കഴിഞ്ഞ എട്ടുമുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്.. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ഹോസ്റ്റല്‍ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതിനാല്‍  ഫീസ് വര്‍ധന ഒഴിവാക്കാനാവില്ലെന്നാണ്  ടിസ് മാനേജ്മെന്റിന്റെ നിലപാട്. ഇതോടെ വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചു. ക്യാംപസിന്റെ ഗേറ്റിനു മുന്നില്‍ നിരാഹാര സമരവും ഉപരോധവും തുടങ്ങി. തുടര്ന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്യാംപസില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാരോപിച്ചാണ്  അടച്ചിടാന്‍ ടിസ് റജിസ്ട്രാര്‍ ഉത്തരവിട്ടത്.  ക്യാംപസിന്റെ ചുമതലുയള്ള  ഡെപ്യൂട്ടി ഡയറക്ടര്‍  ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സമരക്കാര്‍ സഹകരിച്ചില്ലെന്നും  ഉത്തരവിലുണ്ട്. ഇന്നലെ വൈകീട്ട് തന്നെ വിദ്യാര്‍ഥികളെ ക്യാംപസില്‍  നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാണിച്ചു എസ്.സി എസ്.ടി വിഭാഗങ്ങളില്‍പെടുന്ന കുട്ടികളാണ് ആദ്യം സമരം തുടങ്ങിയത്. ഇതു പിന്നീട് ക്യാംപസ് ഏറ്റെടുക്കുകയായിരുന്നു