സി.കെ.ജി: കോണ്‍ഗ്രസുകാര്‍ പഠിക്കാത്ത പാഠം; രാഹുല്‍ ഗാന്ധിയിലേക്കുള്ള ദൂരം

ckg-rahul-n
SHARE

സി.കെ ഗോവിന്ദന്‍ നായര്‍ എന്ന സി.കെ.ജി, കോണ്‍ഗ്രസുകാരില്‍ അധികമാരും പഠിക്കാത്തൊരു പാഠമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലയാളമണ്ണില്‍നിന്ന് ധീരരും ത്യാഗികളും ഒട്ടേറെ പിറവിയെടുത്തെങ്കിലും അവര്‍ക്കിടയില്‍ ഇപ്പോഴും തലപ്പൊക്കമുള്ളൊരു പേരാണ് സി.കെ.ജിയുടേത്. നിലപാടുകളിലെ ആറടിപ്പൊക്കമാണ് മരിച്ചിട്ടും അഞ്ചരപതിറ്റാണ്ടിനിപ്പുറവും സികെജിയെ അടയാളപ്പെടുത്തുന്നത്. പുതിയ കാലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചില നിലപാടില്ലായ്മകളെ സി.കെ.ജിയുടെ നിലപാടുകൊണ്ട് തുലനം ചെയ്യുമ്പോഴാണ് കോഴിക്കോട് പേരാമ്പ്രയിലെ ഒരു സര്‍ക്കാര്‍ കോളജിന്റെ പേര് മാത്രമല്ല സി.കെ.ജി എന്ന് ബോധ്യപ്പെടുക.

കാലം ആവശ്യപ്പെടുന്നൊരു ധീരത രാഷ്ട്രീയത്തിന് എക്കാലത്തുമുണ്ട്. അത് തലയില്‍പേറിയ രാഷ്ട്രീയക്കാരെ നാട് നെഞ്ചേറ്റിയിട്ടുമുണ്ട്. മൂന്നരപതിറ്റാണ്ടുകാലത്തെ ചെറുതും, എന്നാല്‍ പൂര്‍ണ സമര്‍പ്പിതവുമായൊരു പൊതുപ്രവര്‍ത്തനമായിരുന്നു സി.കെജിയുടേത്. സ്വാതന്ത്ര്യസമരകാലം മുതല്‍ ഇങ്ങോട്ട് മരണം വരെ. ഇക്കാലത്ത് തത്വാധിഷ്ഠിത പൊതുപ്രവര്‍ത്തനം– കക്ഷി രാഷ്ട്രീയം–സാമുദായിക സഹകരണം എന്നീ വിഷയങ്ങളില്‍ ഇന്നും പ്രസക്തമാണ് സി.കെ.ജിയുടെ നിലപാടുകള്‍.

1959 ജൂണ്‍ 12ന് വിമോചനസമരത്തിന്റെ ഒദ്യോഗിക പ്രഖ്യാപനവുമായി പ്രതിപക്ഷ പാര്‍ട്ടികളും സാമുദായിക സംഘടനകളും മുന്നിലിറങ്ങിയപ്പോള്‍ സി.കെ.ജി ശങ്കിച്ചു. ഇത് അപകടമാണെന്ന് പറയാന്‍ സി.കെ.ജിയെ പോലെ കോണ്‍ഗ്രസില്‍ അധികമാരും അക്കാലത്ത് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരിനെ വ്യവസ്ഥാപിതമായൊരു ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടുക എന്നല്ലാതെ അതിനപ്പുറത്തേക്കൊരു രാഷ്ട്രീയ തീരുമാനം ഭരണതലത്തില്‍ എടുക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. തീരുമാനങ്ങളില്‍ വിയോജിപ്പുണ്ടായിരുന്നപ്പോഴും സംഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി അദ്ദേഹത്തിന് സമരങ്ങളില്‍ പങ്കെടുക്കേണ്ടി വന്നു. അത്രമേല്‍ പ്രിയപ്പെട്ട നെഹ്റുവിനോടും ഇന്ദിരയോടും പടവെട്ടിയിട്ടുണ്ട് സി.കെ.ജി. അതും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലത്ത്. പുതിയ കാലത്തേക്ക് അത്തരം രാഷ്ട്രീയ സാഹചര്യങ്ങളെ പറിച്ചുനട്ടാല്‍ എന്താവും സ്ഥിതി? ഇന്ന് ആര്‍ക്കുണ്ട് അധ്യക്ഷ പദവികളില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ ഒളിച്ചോട്ടത്തെ എതിര്‍ക്കാന്‍? അങ്ങിനെയൊരു ധൈര്യശാലി ഇറങ്ങിയാല്‍ ത്യാഗിയായി പുറത്തേക്ക് പോകാന്‍ പാര്‍ട്ടിയില്‍ എത്രമണിക്കൂറിന്റെ സീറ്റുറപ്പ് ബാക്കിയുണ്ടാവും? നാളെ എന്തെന്ന് ആശങ്കപ്പെടുംമുന്‍പ് ഇന്ന് എന്ത് ചെയ്യണമെന്ന തെളിഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്നു സി.കെ.ജിക്ക്. അതിനുമുന്നില്‍ വ്യക്തിപരമോ സംഘടനാപരമോ ആയ പ്രലോഭനങ്ങള്‍ ഒരു കാലത്തും വിലങ്ങുതടിയായിരുന്നില്ല. 

സ്ഥാനാര്‍ഥി നിര്‍ണയത്തിലും സംഘടനാതലത്തിലും ജാതികളുടെ എണ്ണം നോക്കി കളംനിറയ്ക്കുന്നവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കെപിസിസി നേതാക്കള്‍. ഗ്രൂപ്പും ജാതിയും മതവും ശിപാര്‍ശക്കത്തും ഹൈക്കമാന്‍ഡ് അവരോധവും എല്ലാം പരിഗണിക്കുമ്പോള്‍ കഴിവുള്ളവരില്‍ ഏറിയപങ്കും വീട്ടിലിരിക്കും. ഇക്കാര്യം വിമോചനസമരകാലത്ത് സി.കെ.ജി പ്രവചിച്ചിട്ടുണ്ട്. അന്ന് കോട്ടയത്തെ കെ.എസ്.യു സമ്മേളനത്തില്‍ രാഷ്ട്രീയ സാമുദായിക കൂട്ടുകെട്ടില്‍ ആശങ്കപ്പെട്ടായിരുന്നു ആ വാക്കുകള്‍. "വിമോചന സമരം കാലാന്തരത്തില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യും. നായര്‍–ഈഴവ–ക്രിസ്ത്യന്‍ സാമുദായിക സംഘടനകള്‍ ശക്തിപ്രാപിക്കും. അവരുടെ ആജ്ഞകളെ അനുസരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും" അദ്ദേഹം മുന്നറിയിപ്പു നല്‍കി. പക്ഷേ അക്കാലത്തെ കെ.എസ്.യു നേതാക്കളായ ഇക്കാലത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഷ്്ട്രീയം മറന്നുള്ള സാമുദായിക പരിഗണന പാലിച്ചുപോന്നവരായി മാറി. ഇന്നിപ്പോള്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് മന്ത്രിമാരെ തീരുമാനിക്കാന്‍ പോലും സാമുദായിക സമവാക്യമെന്ന രാഷ്ട്രീയ അടിയറവ് ശീലമായി. എന്നാല്‍ അങ്ങിനെയായിരുന്നില്ല സി.കെ.ഗോവിന്ദന്‍ നായരുടെ നിലപാടുകള്‍. 1960 ലാണ് സികെജി കെപിസിസി പ്രസിഡന്റാവുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ എസ്എസ്എസ് അനുഭാവിയായ നേതാവിനുവേണ്ടി വലിയ സമ്മര്‍ദമുണ്ടായി. പക്ഷേ അതെല്ലാം മറികടക്കുന്നതായിരുന്നു സി.കെ.ജിയുടെ തീരുമാനം. തീരുമാനങ്ങള്‍ പുറത്തുവന്നതിന്റെ പിറ്റേന്ന് പത്രപ്രവര്‍ത്തകര്‍ എന്‍.എസ്.എസിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സി.കെ.ജി നല്‍കിയ മറുപടി സംഘടനയെ സ്നേഹിക്കുന്ന എല്ലാകോണ്‍ഗ്രസുകാര്‍ക്കും വേണ്ടിയുള്ളതായിരുന്നു– "മന്നത്തു പദ്മനാഭനുമായുള്ള ബന്ധം വേറെ, രാഷ്ട്രീയം വേറെ". 

ഏതുകാലത്തും പാര്‍ട്ടി അധ്യക്ഷനായി പുതിയൊരാള്‍ വരികയെന്നാല്‍ നടപ്പുരീതികളില്‍ നിന്നുള്ള വ്യതിചലനം സ്വാഭാവികമായും പ്രതീക്ഷിക്കാം. കാരണം പുതിയ അധ്യക്ഷന്റെ വ്യക്തിത്വവും സംഘടനാതലത്തില്‍ പ്രതിഫലിച്ചുതുടങ്ങും. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വരവില്‍ ഇന്ത്യന്‍ യുവജനത നോക്കിയിരുന്നതും അതാണ്. പക്ഷേ ഒരു തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിരിഞ്ഞുപോകുന്ന പശുവിന്‍പാല്‍ ആകരുത് രാഷ്ട്രീയം. 1963 ല്‍ രണ്ടാംതവണയും കെപിസിസി അധ്യക്ഷ പദവിയിലേക്ക് സി.കെ.ജി തയ്യാറെടുക്കുന്ന സമയം. സംഘടനാതിരഞ്ഞെടുപ്പിന് കേന്ദ്രത്തില്‍നിന്നെത്തിയ നേതാക്കളെ യോഗത്തിനിടെ ചിലര്‍ കയ്യേറ്റം ചെയ്തു. കെപിസിസിക്ക് നാണക്കേട് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ കേരളത്തിെല ആറുനേതാക്കളെ സി.കെ.ജി സസ്പെന്‍ഡ് ചെയ്തു. പക്ഷേ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ തിരിച്ചെടുത്തു. തന്നോട് അന്വേഷിക്കുക പോലും ചെയ്യാതെയെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.കെ.ജി അന്ന് രാജിവച്ചത് പ്രവര്‍ത്തകസമിതി അംഗത്വമാണ്. ആ പദവിയുടെ മഹത്വത്തേക്കാള്‍ വലുതായിരുന്നു സി.കെ.ജിക്ക് നിലപാട്. നിലപാടില്ലായ്മകളില്‍ കുഴയുന്നവര്‍ ഓര്‍ത്തെടുക്കേണ്ട ത്യാഗങ്ങളുടെ കഥ സി.കെ.ജിയുടെ ജീവിതത്തില്‍ പിന്നെയുമുണ്ട്.

വിമോചന സമരത്തിന് ശേഷം മുസ്‌‌ലിം ലീഗുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് സി.കെ.ജി ശക്തമായി എതിര്‍ത്തിരുന്നു. അനര്‍ഹമായത് നേടിയെടുക്കുമെന്നും സ്വജനപക്ഷപാതം കൂടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പക്ഷേ കേരള നേതാക്കളില്‍ ഭൂരിഭാഗത്തിന്റെയും,  അതിന്റെ അടിസ്ഥാനത്തില്‍ നെഹ്റുവിന്റെയും നിര്‍ദേശങ്ങളില്‍ സംഘടനാമര്യാദ പാലിച്ചം സി.കെ.ജി.. പക്ഷേ കെപിസിസി അധ്യക്ഷ പദവിയില്‍ വന്നശേഷം, കടുത്ത ചില തീരുമാനങ്ങള്‍ അദ്ദേഹം കൈക്കൊണ്ടിരുന്നു. സീതി സാഹിബിന്റെ മരണശേഷം സി.എച്ച് മുഹമ്മദ് കോയയ്ക്ക് സ്പീക്കര്‍ പദവി നല്‍കുന്നതിനെ സി.കെ.ജി എതിര്‍ത്തു. ലീഗിന് സ്പീക്കര്‍ സ്ഥാനം നല്‍കുന്നത് രാഷ്്ട്രീയമായി ശരിയാകില്ലെന്നായിരുന്നു നിലപാട്. ഒടുവില്‍ ലീഗില്‍നിന്ന് രാജിവച്ച് കക്ഷിരഹിത നിയമസഭാഗം എെന്ന നിലയിലാണ് സി.എച്ച് കേരള നിയമസഭയില്‍ സ്പീക്കര്‍ ആയത് എന്നത് ചരിത്രം. ലീഗ് അനര്‍ഹമായത് പലതും നേടിയെടുക്കുന്നുവെന്ന അധികം പഴക്കമില്ലാത്ത പ്രസ്താവനകളോട് ചേര്‍ത്ത് വായിക്കണം ഈ തണ്ടുറപ്പുള്ള തീരുമാനങ്ങളെ.

എന്നിട്ടും ജീവിതകാലം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെയും ത്യാഗത്തിന്റെയും മാതൃകാ സംഘടനാപ്രവര്‍ത്തനത്തിന്റെയും ക്ലാവുപിടിച്ച ഓര്‍മകളിലാണ് ഇന്ന് സി.കെ.ജി. ആ പരിത്യാഗിയുടെ രാഷ്ട്രീയജീവിതം കോണ്‍ഗ്രസുകാരെങ്കിലും പഠിക്കാതെ പോകരുത്. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് നട്ടെല്ലുള്ള നിലപാടുകളുടെ പേരിലാവണം. അല്ലാതെ പാലാരിവട്ടം പോലുള്ള പാലങ്ങളില്‍ കൊത്തിവയ്ക്കുന്ന പ്രാദേശിക വികസനഫണ്ടിന്റെ അല്‍പ്പത്തരം നിറഞ്ഞ അക്ഷരങ്ങളിലല്ല. 

MORE IN INDIA
SHOW MORE
Loading...
Loading...