‘..ഞാന്‍ മോഷ്ടിച്ചു’; ആള്‍ക്കൂട്ട മര്‍ദനം പറയാതെ മൊഴി; കൊന്നുകളഞ്ഞെന്ന് ഭാര്യ: കണ്ണീര്‍

ജാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ചു നടന്ന ആൾക്കൂട്ട മർദനത്തെ തുടർന്ന് മരിച്ച തബ്രിസ് അൻസാരിയുടെ കുറ്റസമ്മത മൊഴിയിൽ മർദനത്തെപ്പറ്റി പരാമർശമില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപിൽ പൊലീസ് ഹാജരാക്കിയ മൊഴിയിലാണ് ക്രൂരമർദനത്തെയോ പ്രതികളെയോ പറ്റി പരാമർശമില്ലാത്തത്. പൊലീസ് ആദ്യം റജിസ്റ്റർ ചെയ്ത കേസിലും മർദനത്തെപ്പറ്റി പരാമർശമുണ്ടായിരുന്നില്ല. ഇതിനെതിരെ അൻസാരിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം 22കാരൻ തബ്രിസ് അൻസാരിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്.

ത‌ബ്‌രീസ് ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത് കമൽ മഹ്തോ എന്ന ആളാണ്. തബ്രിസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ‘സുഹൃത്തുക്കളായ നുമൈര്‍, ഇര്‍ഫാന്‍ എന്നിവര്‍ക്കൊപ്പം റജിസ്ട്രേഷനില്ലാത്ത ബൈക്ക് ഗ്രാമത്തില്‍നിന്നു ഞാന്‍ മോഷ്ടിച്ചു’ എന്നാണ് അൻസാരിയുടെ മൊഴിയായി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘മറ്റൊരു വീട്ടിലും മോഷണം ലക്ഷ്യമിട്ടു, പക്ഷേ ആളുകൾ കള്ളൻ എന്ന് ഉറക്കെ വിളിച്ച് ഓടിക്കൂടിയതോടെ ഓടി രക്ഷപ്പെടാനായി ശ്രമം’ – പൊലീസ് ഹാജരാക്കിയ  മൊഴിയിൽ പറയുന്നു.

എന്നാൽ ഈ കുറ്റസമ്മത മൊഴിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. ‘ഞാൻ തബ്രിസിനെ ജയിലിൽ സന്ദർശിച്ചപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നു. ക്രൂരമർദനത്തിനിരയായി തീർത്തും അവശനായ അയാൾ മർദനത്തെക്കുറിച്ച് പൊലീസിനോടു പറഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തബ്രിസിന്റെ അമ്മാവൻ മസ്ദൂഖ് ആലം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം  കൊല്ലപ്പെടാനുള്ള തെറ്റൊന്നും എന്റെ ഭർത്താവ് ചെയ്തിട്ടില്ലെന്നും മതത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കള്ളനെന്ന് ആക്രോശിച്ചതെന്നും മതത്തിന്റെ പേരിൽ തന്നെയാണ് ആൾക്കൂട്ട വിചാരണ നടത്തി കൊന്നു കളഞ്ഞതെന്നും ഭാര്യ ഷഹീസ് പർവീൻ പറഞ്ഞു. പുലർച്ചെ അഞ്ചുമണിയോടെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. രാത്രി 10.30 മുതൽ ക്രൂര മർദനത്തിന് ഇരയായെന്നു പറഞ്ഞുവെന്നും ഷഹീസ് പറയുന്നു.

അൻസാരിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത് എന്നായിരുന്നു സന്നദ്ധ പ്രവർത്തകൻ അഫ്സൽ അനീസിന്റെ ആരോപണം. ചൊവ്വാഴ്ച ജംഷഡ്പുരിൽനിന്നു സെരായ്കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്തു മടങ്ങുമ്പോൾ, ഗ്രാമത്തിൽനിന്നു കാണാതായ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച ഖര്‍സ്വാനില്‍ വച്ച് ആള്‍ക്കൂട്ടം തബ്രിസിനെ മര്‍ദ്ദിക്കുകയായിരുന്നു. തബ്രിസിന്റെ കൂട്ടുകാർ ഓടിരക്ഷപ്പെട്ടു.

തബ്രിസിനെ തൂണിൽ ചേർത്ത് കെട്ടിയ ശേഷം ഏഴുമണിക്കൂറോളം അടിച്ച് അവശനാക്കിയെന്നും 'ജയ് ശ്രീറാം, ജയ് ഹനുമാൻ' എന്നു വിളിക്കാൻ നിർബന്ധിച്ചെന്നും പ്രതികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയിൽ വ്യക്തമാണ്. നിലത്ത് പുല്ലില്‍ കിടക്കുന്ന തബ്രിസിനെതിരെ പ്രദേശവാസികൾ ആക്രോശം മുഴക്കുമ്പോൾ ഒരാൾ മരക്കഷ്ണം ഉപയോഗിച്ചു മർദിക്കുന്നതും കാണാം.

മണിക്കൂറുകൾ നീണ്ട മർദനത്തിനൊടുവിൽ ബോധരഹിതനായ യുവാവിനെ ബുധനാഴ്ച രാവിലെ പ്രതികൾ പൊലീസിനു കൈമാറി. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്രിസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും തബ്രിസ് ക്രൂരമർദനത്തിന് ഇരയായെന്നും ലാത്തിയടിയേറ്റ പാടുകൾ ശരീരത്തിൽ കാണാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം