വെള്ളം നൽകാമെന്ന് കേരളം; മുല്ലപ്പെരിയാറിൽ ഇളവ് മതിയെന്ന് തമിഴ്നാട്; വിവാദം

രൂക്ഷമായ വരള്‍‍ച്ച നേരിടുന്ന ചെന്നൈ നഗരത്തെ സഹായിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദമായി മാറുന്നു. വാദ്ഗാനം സ്വീകരിക്കുന്നതിന് പകരം നദീജല തര്‍ക്കങ്ങളില്‍ ഇളവു ചോദിച്ചു  കത്തെഴുതിയത്  കോഴയിടപാടിന് സാധ്യതയില്ലാത്തിനാലാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു.

ഇരുപത് ലക്ഷംലിറ്റര്‍ വെള്ളം നല്‍കാമെന്നു പറഞ്ഞ കേരളത്തോട് അന്തര്‍സംസ്ഥാന നദീതര്‍ക്ക വിഷയങ്ങളില്‍ ഇളവാണ് തമിഴ്നാട് ചോദിച്ചത്. മുല്ലപെരിയാര്‍ പോലുള്ള  വൈകാരിക വിഷയങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തന്നെ ഉയര്‍ത്തിയതോടെ കേരളത്തില്‍ നിന്ന് സഹായം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് പ്രതിപക്ഷം ആരോപണവുമായി എത്തിയത്. കോഴയിടപാടിന് സാഹചര്യമില്ലാത്തിനാലാണ് കേരളത്തില്‍ നിന്ന് വെള്ളം എത്തിക്കാന്‍ നടപടിയില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ തന്നെ ആരോപിച്ചു

വെല്ലൂരിലെ ജോലാര്‍പേട്ടില്‍ നിന്ന് ട്രെയിന്‍മാര്‍ഗം വെള്ളമെത്തിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുണ്ട്. വലിയ അളവില്‍ വെള്ളമെടുക്കുന്നത് വരള്‍ച്ചയുണ്ടാക്കുമെന്നാണ് വെല്ലൂരിലെ ജനങ്ങള്‍ ആരോപിക്കുന്നത്.