കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്തും; പാക് മുന്നറിയിപ്പ്; സുരക്ഷ ശക്തം

കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ്. അമേരിക്കയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. അല്‍ഖ്വയ്ദ ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷ സൈന്യം വധിച്ചതിന് പ്രതികാരമായി പുല്‍വാമയിലെ അവന്തിപ്പോറയില്‍ ഐഇഡി സ്ഫോടനം നടത്താനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 

പുല്‍വാമയില്‍ രാജ്യത്തെ ഞെട്ടിച്ച ചാവേര്‍ ആക്രമണം നടന്ന് നാല് മാസം പിന്നിടുമ്പോഴാണ് സമാനമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് വിവരം പുറത്തുവരുന്നത്. പാക്കിസ്ഥാനാണ് വിവരം കൈമാറിയത്. പുല്‍വാമയില്‍ തന്നെയുള്ള അവന്തിപ്പോറയില്‍ ഐ.ഇ.ഡി ഘടിപ്പിച്ച കാറുപയോഗിച്ച് സ്ഫോടനം നടത്തുമെന്നും, സാക്കിര്‍ മൂസയുടെ വധത്തിന് പ്രതികാരമായി അല്‍ഖ്വയ്ദയാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പാക് രഹസ്യാന്വേഷണ വിഭാഗം ഇസ്‌ലാമാബാദിലെ ഹൈക്കമ്മീഷന്‍ വഴി കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന്‍ കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി.  വിവരത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്ന് സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ഉള്‍പ്പെടുന്ന ദക്ഷിണ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ നല്‍കുന്ന ആദ്യത്തെ ഭീകരാക്രമണ മുന്നറിയിപ്പാണിത്. ഭീകരതക്കെതിരെ വിശ്വാസ്യ യോഗ്യമായ നടപടികള്‍ സ്വീകരിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുകയാണ്.  ഇന്‍റലിജന്‍സ് വിവരം കൈമാറിയതിലൂടെ ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമാണ് പാകിസ്ഥാന്‍ പ്രകടിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.