5 ദിവസത്തെ പരിശ്രമം വിഫലം; കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല; ദാരുണം

കുഴൽകിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിച്ചെടുക്കാനായി നടത്തിയ പരിശ്രമം വിഫലമായി. പഞ്ചാബിലെ സാങ്‍രൂർ ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫതെവീർ എന്ന കുട്ടി 150 അടി താഴ്ചയിലുള്ള കുഴൽ കിണറിൽ വീണത്. 5 ദിവസങ്ങൾക്കിപ്പുറം കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ തിരിച്ചുപിടിക്കാനായില്ല. കുട്ടി മരണപ്പെട്ടതായി പഞ്ചാബിലെ ആശുപത്രി സ്ഥിരീകരിച്ചു. 

വീടിന് സമീപത്തുള്ള കുഴൽകിണറിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് രക്ഷാപ്രവർത്തനം നിയന്ത്രിച്ചത്. കുഴൽകിണറിന്റെ ആഴത്തിലേക്ക് വീണ കുട്ടി 125 മീറ്ററോളം താഴ്ചയിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതീകൂലമായി ബാധിച്ചു. 

തുണികൊണ്ട് മൂടിയിരിക്കുകയായിരുന്നു കുഴൽകിണർ. കുട്ടി ഇത് അറിയാതെ അബദ്ധത്തിൽ കാലെടുത്തു വച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയെ പുറത്തെടുത്താലുടൻ ചികിൽസ നൽകി രക്ഷപെടുത്താനായി ഡോക്ടർമാരുടെ സംഘവും ആംബുലൻസും പുറത്ത് സജ്ജമായിരുന്നു. പക്ഷേ ദിവസങ്ങൾ ചെല്ലുന്തോറും രക്ഷപെടാനുള്ള സാധ്യത കുറഞ്ഞിരുന്നു. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ഫതെവീറിന്റെ ദാരുണമായി മരണം വേദനാജനകമാണെന്നും ദുഃഖത്തിൽ കുടുംബത്തോടൊപ്പം പങ്കുചേരുന്നുവെന്നും മുഖ്യമന്തി ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഇത്തരത്തിലുള്ള തുറന്ന കുഴൽകിണറുകൾ എവിടെയൊക്കെയുണ്ടെന്ന് പരിശോധിച്ച് അത് അടപ്പിക്കാൻ അധികൃതർക്ക് നിർദേശവും നൽകി.