കണ്ണില്ലാത്ത ക്രൂരതക്കെതിരെ പ്രതിഷേധം; സുരക്ഷയ്ക്കായ് കൂടുതൽ സേനകൾ

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷാവസ്ഥ തടയാന്‍ സുരക്ഷാസേനയെ നിയോഗിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. 

രണ്ടരവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരന്നതാണ് യുപി പൊലീസിനെ ആശങ്കയിലാഴ്ത്തിയത്. പൊലീസിന് പുറമെ ദ്രുതകര്‍‌മസേനയെയും പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

‌മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഒടുവില്‍ അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതായി ഇവര്‍ മൊഴി നല്‍കി. എട്ട് മണിക്കൂറോളം നീണ്ട ക്രൂരമായ ശാരീരികപീഡനമാണ് കുട്ടി നേരിട്ടത്. കണ്ണ് ചൂഴ്ന്നെടുത്ത ശേഷം ആസിഡ് ഒഴിച്ചു, കൈയ്യും കാലും തല്ലിയൊടിച്ചു. സാമ്പത്തിക ഇടപാടിനെച്ചൊല്ലി  കുട്ടിയുടെ അച്ഛനും പ്രതികളും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ച് അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.