ലാറ്ററല്‍ എന്‍ട്രിയിലൂടെ മെഡിക്കല്‍ പ്രവേശനം; നഴ്സുമാർക്കും എം.ബി.ബി.എസ് നേടാം

നഴ്സിങ്, ഡെന്‍റല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ മെഡിക്കല്‍ പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. നഴ്സിങ്, ഡെന്‍റല്‍ ബിരുദ പഠനത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നീറ്റ് പരീക്ഷയെഴുതി എം.ബി.ബി.എസ് മൂന്നാംവര്‍ഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതാണ് പുതിയ രീതി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ള കരട് വിദ്യാഭ്യാസ നയത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുള്ളത്.

മെഡിക്കല്‍ വിദ്യാഭ്യാസം അഞ്ചുവര്‍ഷമായി ചിട്ടപ്പെടുത്തണമെന്ന് കരട് നയത്തില്‍ പറയുന്നു. ആദ്യ രണ്ട് വര്‍ഷങ്ങള്‍ ശാസ്ത്ര ബിരുദധാരികള്‍ക്ക് അടിസ്ഥാന കോഴ്സ്. ശേഷിക്കുന്ന മൂന്ന് വര്‍ഷം എം.ബി.ബി.എസിലേയ്ക്ക് മാറേണ്ടവര്‍ക്ക് അത്തരത്തിലും നഴ്സിങ്, ബിഡിഎസ് കോഴ്സുകളിലേയ്ക്ക് മാറേണ്ടവര്‍ക്ക് അത്തരത്തിലും മാറാന്‍ അവസരം നല്‍കണം. ഈ രീതി മെഡിക്കല്‍ രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് നയത്തില്‍ പറയുന്നു. മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്. മെഡിക്കല്‍ വിദ്യാഭ്യസ രംഗത്ത് കൗണ്‍സിലുകളുടെ അധികാരം പരിമിതപ്പെടുത്തണം. കോളേജുകളില്‍ പരിശോധനയ്ക്കും അക്രഡിറ്റേഷന്‍ നല്‍കുന്നതിനുമായി വിദഗ്ധ സമിതികളെ നിയമിക്കണം. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 50 ശതമാനം പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കണം. ഇവരില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സൗജന്യപഠനം ഉറപ്പുവരുത്തണം.

ഫീസ് നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍, സ്വകാര്യ കോളേജുകളുടെ മാനേജ്മെന്‍റുകള്‍ക്ക് വിട്ടുനല്‍കണം. മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്ക് പകരം എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് കോമണ്‍ എക്സിറ്റ് പരീക്ഷ നടത്തണം. 600 ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തണം. നഴ്സിങ് രംഗത്ത് ബിഎസ്.സി നഴ്സിങ് യോഗ്യതയാക്കണം.  മെഡിക്കല്‍ ബിരുദാനന്തരരംഗത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കണം. വിദ്യാഭ്യാസ നയത്തിന്‍റെ കരട് തയ്യാറാക്കിയ കസ്തൂരിരംഗന്‍ സമിതിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കിയത് ഡോക്ടര്‍മാരായ ദേവി ഷെട്ടിയും അലക്സ് തോമസുമാണ്.