ജയലളിത എന്നോട് പക വീട്ടി; തുറന്നുപറഞ്ഞ് കമൽഹാസൻ; വിവാദം

നിലപാടുകൾ കൊണ്ടും പലപ്പോഴും ശ്രദ്ധേയനാണ് കമൽഹാസൻ. സിനിമയിലും രാഷ്ട്രീയത്തിലും ചില തുറന്നു പറച്ചിലുകൾ കൊണ്ട് കമൽ വിവാദനായകനാകാറുണ്ട്. ഇപ്പോഴിതാ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്നെ ദ്രോഹിച്ച കഥ തുറന്നു പറയുകയാണ് കമൽഹാസൻ. മാധ്യമപ്രവർത്തക സോണിയ സിങ്ങിന്റെ ‘ഡിഫൈനിങ് ഇന്ത്യ ത്രൂ ദേർ ഐയ്സ്’ എന്ന പുസ്തകത്തിൽ കമൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയ ലോകത്തും സിനിമാ ലോകത്തും ചർച്ചാവിഷയം. കമൽ ‘മഹാറാണി’ എന്നുവിളിക്കുന്ന ജയലളിതമായുള്ള അസ്വാരസ്യങ്ങൾക്ക് പിന്നിലെ കഥകളാണ് സോണിയ സിങ്ങുമായുള്ള അഭിമുഖത്തിൽ കമൽ ഹാസൻ തുറന്നുപറഞ്ഞത്. 2013–ൽ കമൽ സംവിധാനം ചെയ്ത്, മുഖ്യ വേഷത്തിലെത്തിയ ‘വിശ്വരൂപം’ സിനിമയുമായി ബന്ധപ്പെട്ടാണ് കമലും അന്നു മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായുള്ള പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.

കമൽ ഹാസന്റെ അഭിമുഖത്തിൽ നിന്ന്:

‘വിശ്വരൂപം, ഒരർഥത്തിൽ സങ്കീർണമായിരുന്നു. ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി സിനിമയുടെ പകർപ്പാവകാശത്തിനായി എന്നെ സമീപിച്ചു. എനിക്ക് നിരസിക്കാൻ സാധിക്കാത്ത ഒരു വാഗ്ദാനമായിരുന്നു അവരുടേത്, അതും മുഖ്യമന്ത്രിയുമായി നേരിട്ട്. എന്നാൽ അതുമായി മുൻപോട്ട് പോകാൻ സാധിച്ചില്ല. കാരണം, എല്ലാവർക്കും അറിയാവുന്നതു പോലെ കള്ളപ്പണം ഞാന്‍ കൈകൊണ്ടു തൊടില്ല. അതുകൊണ്ടു തന്നെ വാഗ്ദാനം നിരസിക്കേണ്ടിവന്നു. അത് ഒരിക്കലും വ്യക്തിപരമായ വിരോധമായിരുന്നില്ല. ഒരുപക്ഷേ അവർ എന്നെക്കുറിച്ചു തെറ്റായി ധരിച്ചതാകാം.

ഇതിനു ശേഷം സിനിമ കാണുന്നതിനായി രണ്ടു പേരെ അയച്ചു. ഒരാൾ, സംസ്ഥാന പൊലീസ് മേധാവിയും മറ്റൊരാൾ ജയാ ടിവിയുടെ തലവനും. പിന്നീട് സംഭവിച്ചതെല്ലാം ജനാധിപത്യ വിരുദ്ധമായിരുന്നു. എന്റെ സിനിമ പ്രശ്നം സൃഷ്ടിക്കുമെന്ന് അവർ റിപ്പോർട്ട് നൽകി. ഡിജിപി സെൻസർ ബോർഡിനെ സമീപിച്ചു. എങ്കിലും അവസാനം സെൻസർ സർട്ടിഫിക്കറ്റ് കിട്ടി റിലീസിങ്ങിന് ഒരുങ്ങിയപ്പോഴാണ് ചിത്രം ക്രമസമാധാനത്തെ ബാധിക്കുമെന്ന് പറഞ്ഞ് വിലക്കിയത്. ഇതെല്ലാം ചെയ്താൽ ഞാൻ പോയി കാലുപിടിക്കുമെന്നാണ് അവർ കരുതിയത്.

വിലക്കുകള്‍ കോടതി വഴി നീക്കിയ ശേഷം ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ലൊസാഞ്ചലസില്‍ നടത്താന്‍ തീരുമാനിച്ചു. ലൊസാഞ്ചലസിലേക്കുള്ള യാത്രക്കായി വിമാനത്തിലിരിക്കുമ്പോഴാണ് ചിത്രം വീണ്ടും വിലക്കിയതായി അറിയിപ്പ് കിട്ടുന്നത്. ഞാന്‍ വിമാനത്തില്‍ കയറിക്കഴിഞ്ഞു തീരുമാനമെടുക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നു തോന്നുന്നു. ഇതോടെ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച തീരുമാനം ഞാനെടുത്തു. ചിത്രം ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാന്‍ ഉറച്ചു.

അങ്ങനെ ഞാൻ ചിത്രം ലൊസൊഞ്ചലസിൽ റിലീസ് ചെയ്തു. തമിഴ്നാട് ഒഴികെ ഇന്ത്യയിലെ മറ്റുചില സംസ്ഥാനങ്ങളിലും റിലീസ് ചെയ്തു. എന്നാൽ തമിഴ്നാട്ടിലെ വിലക്കു മൂലം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ മലേഷ്യ, ദുബായ് തുടങ്ങിയടത്ത് റിലീസ് ചെയ്യാൻ സാധിച്ചില്ല. അപ്പോഴും മുഖ്യമന്ത്രിയോടു മാപ്പ് പറയാൻ ആയിരുന്നു എനിക്ക് കിട്ടിയ ഉപദേശം. എന്നാൽ അത് അനുസരിക്കാൻ ഞാൻ തയാറായില്ല.

അപ്പോഴാണ് മറ്റൊരു തിരിച്ചടി, ചിത്രത്തിന്റെ നിർമാതാവ് മുടക്കുമുതൽ ആവശ്യപ്പെട്ടുകൊണ്ടു എന്നെ സമീപിച്ചു. എന്നാൽ സിനിമ അപ്പോഴും വിൽക്കാൻ സാധിച്ചിരുന്നില്ല. പണം ന‍ൽകിയില്ലെങ്കിൽ എന്റെ സ്വത്തുക്കൾ ജപ്തിചെയ്യുമെന്ന ഉപാധിയോടെ അദ്ദേഹം  എന്നെക്കൊണ്ടു കരാർ എഴുതിവാങ്ങിച്ചു. എന്നാൽ കോടതി വിധി എനിക്ക് അനുകൂലമായിരുന്നു. സിനിമയുടെ വിലക്ക് നീങ്ങി, നിർമാതാവിന് പണവും നൽകി. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച സമയമായിരുന്നു അത്. ഒരുഘട്ടത്തിൽ എം.എഫ് ഹുസൈൻ ചെയ്തതു പോലെ രാജ്യംവിടേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്, ‘ഹുസൈനു ശേഷം ഹാസൻ’. - അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.