വിമാനം കാണാതാകുമ്പോൾ എയർ ട്രാഫിക് കൺട്രോളിൽ പൈലറ്റിന്റെ ഭാര്യ; തിരച്ചിൽ

അരുണാചൽപ്രദേശിൽ കാണാതായ എ.എൻ 32 വ്യോമസേനാ വിമാനത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. നാലു ദിവസങ്ങൾക്ക് മുൻപാണ് വിമാനം കാണാതായത്. ഇൗ സമയം വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യയാണ് അപ്പോൾ എയർ ട്രാഫിക് കൺട്രോളിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പറക്കുകയായിരുന്ന വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12.55നാണ് വിമാനം പറന്നുയർന്നത്.

വിമാനം ചൈനയുടെ പ്രദേശത്ത് തകർന്ന് വീണിരിക്കാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിനായുള്ള തിരച്ചിൽ സജീവമായി പുരോഗമിക്കുകയാണ്. വിമാനം അടിയന്തരമായി നിലത്തിറക്കിയതാണെങ്കിൽ ഇതിനോടകം വിവരം ലഭിച്ചേനെ എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു പക്ഷേ വിമാനം മലയിടക്കിൽ എവിടെയെങ്കിലും തകർന്നുവീണിരിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

കാണാതായ വിമാനത്തിൽ പതിമൂന്നു പേർ ഉണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും ഒരുമിച്ചാണ് തിരച്ചിൽ നടത്തുന്നത്.ഐ.എസ്.ആർ.ഒ ഉപഗ്രഹത്തിന്റെ സഹായവും വിമാനം കണ്ടത്താനായി തേടിയിട്ടുണ്ട്. അസമിൽ നിന്ന് അരുണാചൽപ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. ആശിഷ് പറത്തിയിരുന്ന വിമാനവുമായുള്ള ബന്ധം മുറിയുമ്പോൾ ഭാര്യയായിരുന്നു എയർ ട്രാഫിക് കൺട്രോളിലുണ്ടായിരുന്നത്. 2018 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.