അടുത്ത തവണ ഉത്തരം പറയാൻ മിസ്റ്റര്‍ ഷാ അനുവദിച്ചേക്കും; മോദിയെ ട്രോളി രാഹുൽ

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം വരെ ബിജെപി അധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായാണ് അമിഷ് ഷാക്കൊപ്പം മോദിയെത്തിയത്. 

മഹത്തായ വാർത്താ സമ്മേളനമെന്നാണ് രാഹുൽ മോദിയെ പരിഹസിച്ചത്. ''അഭിനന്ദനങ്ങൾ മോദി ജി. മഹത്തായ വാർത്താസമ്മേളനം. നിങ്ങള്‍ പാതി യുദ്ധം ജയിച്ചിരിക്കുന്നു. അടുത്ത തവണ മിസ്റ്റർ ഷാ കുറച്ച് ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറയാൻ നിങ്ങളെ അനുവദിക്കുമായിരിക്കും. നന്നായിട്ടുണ്ട്''- രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

വാർത്താസമ്മേളനത്തിൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞെങ്കിലും ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയത് അമിത് ഷാ. മോദിയോടുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി അധ്യക്ഷന്‍ നല്‍കുമെന്നും മറുപടി നൽകി മോദി ഒഴിഞ്ഞുമാറി. റഫാൽ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം തുടങ്ങി രാജ്യം ഉറ്റുനോക്കിയ ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായില്ല. 

മോദിയുടെ വാർത്താസമ്മേളനത്തിന് സമാന്തരമായി രാഹുലും മാധ്യമങ്ങളെ കണ്ടിരുന്നു. റഫാലില്‍ നരേന്ദ്രമോദി എന്തുകൊണ്ട് സംവാദത്തിന് തയാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അനിൽ അംബാനിയെക്കുറിച്ച് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. തനിക്കൊപ്പം സംവാദത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.