ഒറ്റരാത്രി കൊണ്ട് നിരവധി പുരുഷൻമാരുടെ അശ്ലീലസന്ദേശം‍; ഞാൻ അതിനുമപ്പുറം; ആ വൈറൽ ഗേൾ

കായികപ്രേമികൾക്ക്് സുപരിചിതയാണ് ദീപിക ഘോഷ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനു വേണ്ടി ആർപ്പുവിളിച്ച വൈറൽ ഗേൾ. ഒറ്റ ദിവസം കൊണ്ടാണ് ദീപിക താരമായത്. എന്നാൽ പ്രശസ്തി തനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് നേടിത്തന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ പെൺകുട്ടി.

''എൻറെ പേര് ദീപിക ഘോഷ്, ഒരുപക്ഷേ ഇതായിരിക്കും എന്നെക്കുറിച്ചു പ്രചരിക്കുന്നതില്‍ 100 ശതമാനം സത്യമായ ഒരേയൊരു കാര്യം. അന്ന് മത്സരം നടക്കുമ്പോൾ പ്രത്യേകതയുള്ള എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതിയില്ല. വർഷങ്ങളായി റോയൽ ചലഞ്ചേഴ്സിൻറെ മത്സരം കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം ഞാനെത്താറുണ്ട്. എനിക്ക് എന്തെങ്കിലും അംഗീകാരങ്ങൾ ലഭിക്കണമെന്നോ ക്യാമറക്കു മുന്നിൽ വരണമെന്നോ ആഗ്രഹമില്ല. ഞാനൊരു താരമല്ല, ആ കളി ആസ്വദിച്ചുകൊണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടിയാണ്. കളിക്കു ശേഷം ലഭിച്ച പ്രശസ്തി ഞാനാഗ്രഹിച്ചതല്ല. അതിലുമപ്പുറം എനിക്ക് അഭിമാനിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ഞാനൊരു കലാകാരിയാണ്, കഠിനാദ്ധ്വാനിയായ പെൺകുട്ടിയാണ്. വിദ്യാഭ്യാസമുണ്ട്, യാത്ര ചെയ്യാറുണ്ട്, സുഹൃത്തുക്കളാലും കുടുംബാംഗങ്ങളാലും സ്നേഹിക്കപ്പെടുന്നവളാണ്.

എനിക്ക് പല കഴിവുകളുമുണ്ട്. സ്റ്റൈലിസ്റ്റാണ്, അധ്യാപികയാണ്, നർത്തകിയാണ്, സംരംഭകയാണ്. ഒരു ഐപിഎൽ മത്സരത്തിനിടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുക എന്നത് വലിയ നേട്ടമായി ഞാൻ കാണുന്നില്ല. എങ്ങനെ ജീവിതം മാറിയെന്ന് പലരും ചോദിച്ചു. ജീവിതം മാറിയിട്ടില്ല. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻറെ എണ്ണം കൂടി. അത്രമാത്രം. അതില്‍ നിങ്ങളെപ്പോലെ തന്നെ ഞാനും അമ്പരന്നിരിക്കുകയാണ്.

നിങ്ങൾ തന്ന സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ ഈ പ്രശസ്തി തന്ന നെഗറ്റിവിറ്റി എനിക്കൊരു വേദനയാകുന്നു. വലിയ ട്രോമയും മാനസികപീഡനവുമാണ് ഞാനനുഭവിക്കുന്നത്. എങ്ങനെയാണ് ആളുകൾ എൻറെ പേരും പ്രൊഫൈലും കണ്ടെത്തിയതെന്നോര്‍ത്ത് ഞാൻ അതിശയപ്പെട്ടുപോയി. എൻറെ ജീവിതവും സ്വകാര്യതയും ഹാക്ക് ചെയ്യപ്പെട്ടു. ഒറ്റ രാത്രി കൊണ്ട് ഫോളോ ചെയ്തതിൽ അധികവും പുരുഷൻമാരാണ്. അവർ അശ്ലീലവും അതിക്രൂരവുമായ സന്ദേശങ്ങളയച്ചു. സ്ത്രീകളിൽ നിന്നും വന്ന വെറുപ്പു നിറഞ്ഞ സന്ദേശങ്ങളാണ് എന്നെ അതിലും അമ്പരപ്പിച്ചത്. എന്നെക്കുറിച്ചറിയാതെ ഇത്ര ക്രൂരമായി സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു? ഞാൻ നിങ്ങളിലൊരാളാണ്.

പരസ്പരം പിന്തുണക്കുകയും പരസ്പരം വളർത്തുകയും ചെയ്യുന്ന സ്ത്രീകളെ ഈ ലോകത്തിന് ആവശ്യമുണ്ട്. നല്ലൊരു വാക്കു കേൾക്കുന്നതിനു പകരം ഞാൻ മുൻവിധികൾ കൊണ്ട് വിധിക്കപ്പെട്ടു. ഇതൊക്കെ നിര്‍ത്തി നിങ്ങൾ‌ ചിന്തിക്കൂ, ഇങ്ങനെ ആവശ്യമില്ലാതെ ശ്രദ്ധിക്കപ്പെട്ട ഒരു പെണ്‍കുട്ടിയു‍ടെ അവസ്ഥ.

ഇത് അർഥവത്തായ എന്തിലേക്കെങ്കിലും വഴിതിരിച്ചുവിടാൻ ‍ഞാനാഗ്രഹിക്കുകയാണ്. അതെ ഞാന്‍ ആ RCB ഗേൾ ആണ്, എന്നാൽ ഞാൻ അതിനുമപ്പുറമാണ്'', ദീപിക ഘോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മുംബൈ സ്വദേശിയായ ദീപിക നർ‌ത്തകിയും നൃത്താധ്യാപികയും കൂടിയാണ്.