മോദിക്ക് മാത്രമല്ല; ദീദി എല്ലാവര്‍ക്കും സമ്മാനങ്ങളയക്കും: മറുപടിയുമായി തൃണമൂല്‍

മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചു തരാറുണ്ടെന്ന മോദിയുടെ പരാമര്‍ശത്തിന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറുപടി. ദീദി മോദിക്കു മാത്രമല്ല, പല നേതാക്കള്‍ക്കും സമ്മാനങ്ങള്‍ അയക്കാറുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത പാര്‍ട്ടി പ്രവര്‍ത്തകന്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

ഇത് വലിയ കാര്യമൊന്നുമല്ല. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ദീദി മാമ്പഴവും മധുരവും കുര്‍ത്തകളുമൊക്കെ സമ്മാനമായി അയക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതിക്കും ഇതൊക്കെ സമ്മാനിക്കാറുണ്ട്. വാജ്പേയിക്കും ഇത്തരത്തില്‍ ദീദി സമ്മാനങ്ങളയച്ചിരുന്നുെവന്നും ഇദ്ദേഹം പറയുന്നു. 

മോദിയുടെ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ പ്രതികരിച്ചു. 

ബോളിവു‍‍ഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി നല്‍കാറുണ്ടെന്ന് മോദി പറഞ്ഞത്.  

മോദി പറഞ്ഞ പ്രധാനകാര്യങ്ങള്‍ 

ലോക്സഭാ തിരഞ്ഞെടുപ്പ് തുടരുന്നതിനിടെ സ്വകാര്യ ജീവിത നിമിഷങ്ങള്‍ പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ അഭിമുഖം. പ്രധാനമന്ത്രി ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സൈന്യത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുര്‍ത്തകള്‍ അയച്ചുതരാറുണ്ടെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി. 

ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള ദീര്‍ഘമായ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി മനസുതുറന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗൗരവസ്വഭാവം വെടിഞ്ഞ് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്ന മോദി പ്രതിപക്ഷ നേതാക്കളുമായുള്ള നല്ല ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഈ ഘട്ടത്തിലാണ് മമത സമ്മാനങ്ങള്‍ അയക്കുന്ന കാര്യം പറയുന്നത്. 

ചെലവിനായി അമ്മ ഇപ്പോഴും പണം അയച്ചുതരാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം വിട്ടു പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കുന്നു. 

ചായക്കടയില്‍ നിന്നാണ് ഹിന്ദി പഠിച്ചത്. സന്യാസിയാകണമെന്നും ആഗ്രഹിച്ചിരുന്നു.  ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രമുറങ്ങുന്ന തന്‍റെ ശീലം അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബറാക് ഒബാമയില്‍ അത്ഭുതമുണ്ടാക്കിയതായി മോദി പറഞ്ഞു.  

മോദിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള പി.എം മോദി സിനിമയുടെ റിലീസും കുട്ടിക്കാലം ചിത്രീകരിച്ച വെബ് സീരിസും വിലക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭിമുഖമെന്നതാണ് ശ്രദ്ധേയം. മോദിയുടെ അഭിമുഖം നാടകമാണെന്ന പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.