ജനിച്ച് 9ാം മാസത്തിൽ കാഴ്ചയി‌ല്ലെന്നറിഞ്ഞു; തകർന്നില്ല: പാറിപ്പറന്ന് പൊര്‍ക്കൊടി

ജന്മനാ കാഴ്ചയില്ലാതിരുന്നിട്ടും പൊര്‍ക്കൊടി എന്ന ഇരുപതുകാരി ജീവിതത്തിന്‍റെ വിജയപടവുകള്‍ കീഴടക്കുകയാണ്. കര്‍ണാടിക് സംഗീതത്തില്‍ പ്രഗല്‍ഭയാണ് ചെന്നൈ സെമ്പാക്കം സ്വദേശിയായ പൊര്‍ക്കൊടി. രണ്ടാമത്തെ നോവല്‍ പൂര്‍ത്തീകരിക്കാനുള്ള തിരക്കിലും കൂടിയാണ് മിടുക്കി.

ജനിച്ച് ഒമ്പതാം മാസമാണ് പൊര്‍ക്കൊടിക്ക് കാഴ്ചയില്ലെന്ന് അച്ഛനും അമ്മയും അറിയുന്നത്. സര്‍വം തകര്‍ന്നുപോകുന്ന ആ നിമിഷത്തില്‍ ആവര്‍ പക്ഷേ ആത്മവിശ്വാസം കൈവിട്ടില്ല. അവളെ കൈപിടിച്ച് ചുവടുതെറ്റാതെ നടക്കാന്‍ പഠിപ്പിച്ചു. ഇന്ന് അവള്‍ അവര്‍ക്കഭിമാനമാണ്. പത്തിലും പ്ലസ് ടുവിലും തൊണ്ണൂറ്  ശതമാനത്തിലേറെ മാര്‍ക്കുമായി അവളെത്തിയത് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി. ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ ജോലിയും കിട്ടി. ജീവിത്തില്‍ കാഴ്ചയില്ലെന്ന് അനുഭവപ്പെട്ടിട്ടില്ല പൊര്‍ക്കൊടിക്ക്.

നിറയെ കവിതകളെഴുതി. രണ്ടാമത്തെ നോവല്‍ പൂര്‍ത്തിയാകുന്നു. തമിഴിന് പുറമെ ഇംഗ്ലീഷിലും പ്രാവീണ്യം. കെ.എസ്.ചിത്രയ്ക്ക് മുമ്പില്‍ പാടാനുള്ള കാത്തിരിപ്പിലാണിപ്പോള്‍. എഴുത്തുകാരിയാകണം. കടമ്പകളേറെയുണ്ടെങ്കിലും സിവില്‍ സര്‍വീസ് സ്വപ്നം എത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസത്തിന് തിളക്കമേറെയാണ്. പൊര്‍ക്കൊടി. മലയാളത്തില്‍ പൊന്‍പതാക എന്നര്‍ഥം. അവള്‍ പാറിപ്പറക്കട്ടെ.