അഞ്ചു കൊല്ലത്തെ ഇടവേള തെറ്റിയ വോട്ട് കഥ

ആദ്യ നാലു ലോകസഭാ തിരഞ്ഞെടുപ്പുകളും കൃത്യം അഞ്ചു കൊല്ലത്തെ ഇടവേളകളിലാണ് നടന്നത്. 1971ലെ അഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഈ പതിവ് തെറ്റിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള ആ തിരഞ്ഞെടുപ്പ് കഥയിലേക്ക്.  

 ഇന്ദിരാഗാന്ധിയാണ്  അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മാത്രം തിരഞ്ഞെടുപ്പെന്ന രീതി തിരുത്തിയത്. 1952, 1957, 1962, 1967 എന്നിങ്ങനെ അഞ്ചു കൊല്ലം ഇടവിട്ടായിരുന്നു അതിനു മുമ്പത്തെ തിരഞ്ഞെടുപ്പുകള്‍. 1969ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതാണ് വഴിത്തിരുവായത്.  കോണ്‍ഗ്രസ് ആര്‍ എന്നറിയപ്പെട്ട സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഇന്ദിരക്കായിരുന്നു പാര്‍ട്ടിയിലും പാര്‍ലമെന്‍ററി പാര്‍ട്ടിയിലും മേന്‍ക്കൈ. പക്ഷേ ലോക്സഭയില്‍ ഭൂരിപക്ഷമില്ല. ബാങ്ക് ദേശസാല്‍ക്കരണവും പ്രിവി പഴ്സ് നിര്‍ത്തലാക്കലും അടക്കമുള്ള നടപടികള്‍ക്കുള്ള  ഐക്യദാര്‍ഡ്യം എന്ന നിലക്ക്  കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഡിഎംകെയും  ഇന്ദിരക്ക്പിന്തുണ നല്‍കി. പക്ഷേ ഈ തീരുമാനങ്ങള്‍ നിയമക്കുരുക്കുകളിലേക്ക് നീങ്ങി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ കോടതി റദ്ദാക്കി. രാജ്യസഭയില്‍ ഇന്ദിരയുടെ ബില്ലുകള്‍ മുടങ്ങി. അങ്ങനെയാണ് ജനവിധി തേടാന്‍ ഇന്ദിര തീരുമാനിക്കുന്നത്. 1970 ഡിസംബര്‍ 27ന് അവര്‍ ലോക്സഭ പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് നേരത്തെയുമായി.

\\