ധീരജവാൻമാരുടെ കുടുംബത്തിന് 5 ലക്ഷം വീതം നല്‍കാൻ അമിതാബ് ബച്ചന്‍: കയ്യടി

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാരുടെ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്ത് അമിതാബ് ബച്ചൻ. തുക എങ്ങനെ കൈമാറണമെന്ന് അറിയാനും ജവാൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും താരം ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്.

സൈനികർക്ക് ഓൺലൈൻ വഴി ധനസഹായം സ്വരൂപിക്കാൻ അക്ഷയ് കുമാറിന്‍റെ പങ്കിളിത്തത്തിൽ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. 2017 ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭാരത് കി വീർ' (bharatkeveer.gov.in.) എന്ന വെബ്സൈറ്റ് ആരംഭിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കുംഈ വെബ്സൈറ്റ് വഴി സഹായം നൽകാം.

ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്. 78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരം ജയ്ഷെ ഭീകരൻ സ്ഫോടകവസ്തു നിറച്ച എസ്‌യുവി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.