സംവരണത്തിൽ പ്രക്ഷോഭവുമ‌ായി ഗുജ്ജർ സമുദായം; ജാഗ്രതയോടെ രാഷ്ട്രീയനേതൃത്വം

അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തില്‍ ജാഗ്രതയോടെ പ്രതികരിച്ച് രാജസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം. പലയിടങ്ങളിലും തീവയ്പ്പും അക്രമങ്ങളും നടക്കുന്നുണ്ടെങ്കിലും കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായിട്ടില്ല. ബി.ജെ.പിയും ശ്രദ്ധാപൂര്‍വമാണ് പ്രതികരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗുജ്ജറുകള്‍ സമ്മര്‍ദം ശക്തമാക്കിയത് എന്നത്  ശ്രദ്ധേയമാണ്.

രാജസ്ഥാനിലെ ജനസംഖ്യയില്‍ എണ്‍പത്തിയൊന്‍പത് ശതമാനം ഹിന്ദുക്കളാണ്. ഇതില്‍ അഞ്ചുശതമാനമുളള ഗുജ്ജറുകള്‍ പ്രധാന വോട്ടുബാങ്കും. ഇരുപത്തിയൊന്ന് ജില്ലകളില്‍ ഗുജ്ജറുകളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മിന്നും വിജയത്തിന് ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഗുജ്ജര്‍ പ്രക്ഷോഭത്തില്‍ ശ്രദ്ധയോടെ പ്രതികരിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. അഞ്ചുശതമാനം സംവരണം ലഭിക്കാതെ പിന്നോട്ടില്ലെന്ന് ഗുജ്ജര്‍ സമുദായനേതാവ് കിരോരി സിങ് ബൈന്‍സ്‍ല വ്യക്തമാക്കി കഴിഞ്ഞു.

അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഗുജ്ജറുകളുമായി ശനിയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടെങ്കിലും സമവായത്തിന്‍റെ വാതില്‍ അടച്ചിട്ടില്ല. ഭരണഘടനക്കകത്തു നിന്ന് സംവരണവിഷയത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാമെന്ന് മന്ത്രി ഭന്‍വര്‍ലാല്‍ പ്രതികരിച്ചു. 

കേന്ദ്രസര്‍ക്കാരാണ് സംവരണവിഷയത്തില്‍ ഇടപെടേണ്ടതെന്ന് കോണ്‍ഗ്രസ് കൂട്ടിചേര്‍ത്തു. പ്രധാനമന്ത്രിയെ സമ്മര്‍ദത്തിലാക്കാനും കോണ്‍ഗ്രസ് ഗുജ്ജറുകളെ ഉപദേശിക്കുന്നു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ഒരു ശതമാനം സംവരണം ഗുജ്ജറുകള്‍ക്ക് അനുവദിച്ചിരുന്നു. ബി.ജെ.പി ഇതുവരെ സംവരണപ്രക്ഷോഭത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ കൂടി ആശീര്‍വാദത്തോടെയാണ് പ്രക്ഷോഭമെന്ന് വിലയിരുത്തലുണ്ട്.