അപകടത്തിൽ പശു ചത്തു; കർഷകകുടുംബത്തിന് പഞ്ചായത്തിന്റ ഭ്രഷ്ട്; ഗംഗയില്‍ കുളിക്കണം

Image Courtesy: AFP

അപകടത്തിൽ പശു ചത്തതിന് കർഷകകുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റ ഭ്രഷ്ട്. മധ്യപ്രദേശിലെ ഷിയോപൂർ ഗ്രാമത്തിലാണ് സംഭവം. പപ്പു പ്രജാപതി എന്ന കര്‍ഷകനെയും കുടുംബത്തെയുമാണ് പഞ്ചായത്ത് വിലക്കിയത്.

‌പ്രജാപതി ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന പശുവിനെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. ഗോഹവധം നടത്തിയെന്നാരോപിച്ചാണ് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിയ്ക്കും കുടുംബത്തിനും വിലക്കേർപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷിയോപൂർ പൊലീസ് അറിയിച്ചത്. 

ഗ്രാമത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ കുടുംബം മൊത്തമായി ഗംഗയില്‍ പോയി കുളിക്കണമെന്നാണ് നിർദേശം. ഇതിനും പുറമേ ‘കന്യാ-ബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം, ഒരു പശുവിനെ ദാനമായി നല്‍കണം. എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. 

പഞ്ചായത്തിൻറെ നിർദേശമനുസരിച്ച് നാട്ടില്‍ തിരിച്ചുകയറുന്നതിനായി ഗംഗയില്‍ സ്നാനം നടത്താൻ കുടുംബസമേതം തിരിച്ചിരിക്കുകയാണ് പ്രജാപതി.