‌''പണം മോഷ്ടിച്ചെന്ന് പറയരുത്, ദയവായി ഇത് സ്വീകരിക്കൂ''; വീണ്ടും അപേക്ഷിച്ച് മല്ല്യ

താൻ പണം മോഷ്ടിച്ചെന്ന പ്രചാരണം അവസാനിപ്പിക്കണം എന്ന് അപേക്ഷിച്ച് വിവാദവ്യവസായി വിജയ് മല്ല്യ. വായ്പയെടുത്ത പണം തിരികെ നൽകാൻ തയ്യാറാണെന്നും അത് സ്വീകരിക്കണമെന്നും വിജയ് മല്ല്യ വീണ്ടും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ഇതേയാവശ്യം ഉന്നയിച്ച് മല്ല്യ ട്വീറ്റ് ചെയ്തിരുന്നു.

വായ്പ തിരികെയടക്കാൻ തയ്യാറാണെന്ന തന്റെ വാദവും അഗസ്റ്റ് വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസ് പ്രതി ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതുമായി ബന്ധമില്ലെന്നും മല്ല്യ പറഞ്ഞു. മിഷേലിന്റെ പേര് പരാമർശിക്കാതെയായിരുന്നു മല്ല്യയുടെ ട്വീറ്റ്. 

''എന്ന ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതും അടുത്തിടെ ഒരാളെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചതും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. വായ്പ തിരിച്ചടക്കാമെന്ന എന്റെ വാദവുമായും അതിന് ബന്ധമില്ല. എന്റെ അപേക്ഷയാണ്, 'ദയവായി ഈ പണം സ്വീകരിക്കൂ'. ഞാൻ പണം മോഷ്ടിച്ചെന്ന തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കൂ'', മല്ല്യ കുറിച്ചു. 

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും ഇത് സ്വീകരിക്കണമെന്നും വിജയ് മല്യ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടെന്ന കേസില്‍ തന്നെ ഇന്ത്യയ്ക്ക് കൈമാരുതെന്ന ഹര്‍ജിയില്‍ അടുത്ത തിങ്കളാഴ്ച ബ്രിട്ടീഷ് കോടതി വിധി വരാനിരിക്കെയാണ് പണം തിരിച്ചടയ്ക്കാന്‍ തയാറാണെന്ന മല്യയുടെ അറിയിപ്പ്.