വന്നത് അവിശ്വാസികളെ കൊല്ലാനെന്ന് കസബ്; കൊല്ലാന്‍ തോന്നിയെന്ന് ഉദ്യോഗസ്ഥന്‍: വെളിപ്പെടുത്തല്‍

10 വർഷങ്ങൾ മുന്‍‌പുള്ള നവംബറിലെ ആ കറുത്ത ദിനം ഒരു ഇന്ത്യക്കാരനും മറക്കാനിടയില്ല. മുബൈയിലെ ആല്‍ബെസ് ആശുപത്രിയിൽ അന്നു വീണത് നിരപരാധികളുടെ രക്തമാണ്. അജ്മൽ കസബ് എന്ന ലഷ്കർ ഇ–ത്വയ്ബ ഭീകരൻ അന്നു നിറയൊഴിച്ചത് ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ചിലേക്കാണ്. ആ വേദനകൾ പേറി ഇന്നും ജീവിക്കുന്നവരുണ്ട്. 

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെക്കുറിച്ചും കസബിനെ പിടികൂടിയതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന ആസിഫ്  മുലാനി എന്ന ഉദ്യോഗസ്ഥൻ. 

‘വാഷ്റൂമിൽ നിൽക്കുമ്പോഴാണ് ഞാൻ വെടിയൊച്ചകൾ കേട്ടത്. ആശുപത്രിയോടു ചേർന്നായിരുന്നു റൂം. അതൊരു എകെ 47 തോക്കിൽ നിന്നും വരുന്ന വെടിയൊച്ചകളാണെന്ന് എനിക്ക് മനസിലായി. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അപ്പോൾ മനസിലായിരുന്നില്ല. മുംബൈ തോക്കിൻ മുനമ്പിലാണെന്നു മാത്രം വ്യക്തമായി..’, മുലാനി പറയുന്നു. 

മുതിർന്ന ഉദ്യോഗസ്ഥന്‍ അരുൺ ചവാന്‍റെ നിർദേശപ്രകാരം മുലാനിയും മറ്റ് മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയുടെ മുന്നിലെത്തി. അപ്പോഴും വെടിയൊച്ച കേൾക്കാമായിരുന്നു. ഒരു ബുള്ളറ്റ് മുലാനിയുടെ വലതേ കയ്യിൽ തുളച്ചുകയറി. 

മുതിർന്ന ഉദ്യോഗസ്ഥൻ‌ കാംറ്റേ സാഹെബും മറ്റൊരുദ്യോഗസ്ഥനും കൂടി തീവ്രവാദികൾ നിൽക്കുന്ന സ്ഥലം കണ്ടെത്താനായി പാഞ്ഞു‌. മുലാനിയും മറ്റൊരു ഉദ്യോഗസ്നും കൂടി മരിച്ചവരെയും പരിക്കേറ്റവരെയും അവിടെ നിന്ന് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. ‘ഏതാണ്ട് 6 മണിയോടു കൂടി കാംതേ സാഹെബും കാർക്കാരേ സാഹെബും മരിച്ചെന്ന് ഞങ്ങളറിഞ്ഞു. അതോടെ ഞാൻ തകർന്നു. അവരെ രക്ഷിക്കാനായില്ലല്ലോ എന്ന കുറ്റബോധത്തോടെ അവിടുന്ന് മടങ്ങേണ്ടി വരുമല്ലോ എന്ന് ഞാനോർത്തു’, മുലാനി പറയുന്നു.

‘പിടിക്കപ്പെട്ടു കഴിഞ്ഞ് ഒരു ദിവസം മുസ്‍ലിംകൾ ഇന്ത്യയിൽ പീഡനത്തിന് ഇരകളാകുകയാണെന്നാണ് താനറിഞ്ഞതെന്ന് കസബ് പറഞ്ഞു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യണമെന്ന് ലഷ്കർ പഠിപ്പിച്ചു. അവിശ്വാസികളെ കൊന്നാൽ സ്വർഗത്തിൽ പോകുെമന്ന് തന്നെ പഠിപ്പിച്ചതായും കസബ് പറ‍ഞ്ഞു. നീ ചെയ്തതിന് സ്വർഗം പോലും നിന്നോട് ക്ഷമിക്കില്ലെന്ന് ഞാൻ കസബിനോട് പറഞ്ഞു. എന്‍റെ സുഹൃത്തുക്കളോടും സഹപ്രവർ‌ത്തകരോടും ചെയ്തതിനു പകരമായി അവനെ കൊല്ലാനാണ് എനിക്കു തോന്നിയത്. എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുക എന്നത് ദുഷ്കരമായിരുന്നു..’, മുലാനി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.