കൂടുതൽ പ്രതിമകൾ ഉയരുന്നു; 1200 കോടിയുടെ അമ്മ കാവേരി പ്രതിമയുമായി കർണാടക

ലോകത്തിന്റെ ഉയരങ്ങളിലേക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ തല ഉയർത്തി നിൽക്കുമ്പോൾ ആ വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. സർദാർ സരോവർ അണക്കെട്ടിന് സമീപത്താണ് 182 മീറ്റർ ഉയരമുളള പ്രതിമ പണിതുയർത്തിയത്.  3000 കോടിയോളം രൂപ ചെലവാക്കി കേന്ദ്രസർക്കാർ പ്രതിമ നിർമ്മിച്ചതിനു തൊട്ടുപിന്നാലെ അമ്മ കാവേരി പ്രതിമയുമായി കർണാടക സർക്കാരും രംഗത്ത്. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ റിസര്‍വോയറില്‍ പ്രതിമ നിര്‍മ്മിക്കാനാണ് ആലോചന. പ്രതിമയ്ക്ക് പുറമെ റിസര്‍വോയറിനോട് ചേര്‍ന്ന് ഒരു മ്യൂസിയവും 360 അടി ഉയരത്തില്‍ രണ്ട് ഗ്ലാസ് ടവറുകളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ട്. 

വിനോദ സഞ്ചാര സാധ്യതകള്‍ മുതലെടുക്കന്‍ ബാന്‍ഡ് സ്റ്റാന്‍ഡും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ചരിത്രസ്മാരകങ്ങളുടെ പ്രതിരൂപങ്ങളും നിര്‍മ്മിക്കാനാണ് തീരുമാനം. 1200 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറും ടൂറിസം മന്ത്രി മഹേഷും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തീരുമാനമായത്. റിസർവോയറിന് സമീപം കൃതിമ തടാകം നിർമ്മിച്ചായിരിക്കും പ്രതിമയും മ്യൂസിയവും സ്ഥാപിക്കുക. സ്വകാര്യമേഖലയിൽ നിന്ന് നിക്ഷേപകരെ കണ്ടത്തിയാകും 1200 കോടിയോളം രൂപ സമാഹരിക്കുക. പദ്ധതിപ്രദേശം ടൂറിസം മേഖലയായി വികസിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറയുന്നു.  

ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിർമിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. സർദാർ പട്ടേൽ മ്യൂസിയം, കൺവൻഷൻ സെന്റർ, പൂക്കളുടെ താഴ്‍വര, വിനോദസഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ടതാണ് പ്രതിമാ സമുച്ചയം. പ്രതിമയ്ക്കുള്ളിലൂടെ മുകളിലെത്താനുള്ള സംവിധാനമുണ്ട്. 135 മീറ്റർ ഉയരത്തിലുള്ള തട്ടിൽനിന്നു പുറംകാഴ്ചകൾ കാണാം. ‌സ്കൂൾ, ആശുപത്രി, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മേഖലയിൽ ശതകോടികൾ ചെലവഴിച്ചു പ്രതിമ നി‍ർമ്മിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് 1200 കോടിയുടെ പ്രതിമയുമായി കർണാടക സർക്കാർ രംഗത്തെത്തുന്നത്.