നേതാജിയെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് മോദി; ബിജെപി ലക്ഷ്യം പാരമ്പര്യമെന്ന് കോണ്‍ഗ്രസ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഗാന്ധി കുടുംബത്തിന് വേണ്ടി മാത്രമായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75–ാം വാര്‍ഷികാഘോഷത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അതേസമയം, നേതാജിയുമായി ബന്ധപ്പെട്ട സുപ്രധാന ദിനത്തെ മോദി രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

നേതാജിയുടെ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75–ാം വാര്‍ഷികം ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ പട്ടേലിനെയും ബി.ആര്‍.അംബേദ്കറിനെയും പോലെ നേതാജിയെയും കോണ്‍ഗ്രസ് അവഗണിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ആസാദ് ഹിന്ദ് സ്മാരകത്തിനും തറക്കലിട്ടു. അതേസമയം, സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തതുകൊണ്ടാണ് നേതാജിയുടെ പാരമ്പര്യം തട്ടിയെടുക്കാന്‍ മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‍വി പറഞ്ഞു.

പൊലീസ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പൊലീസ് സ്മൃതി മണ്ഡപവും ദേശീയ മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ജീവന്‍ബലി നല്‍കിയ പൊലീസ് സേനാംഗങ്ങളോടും അവരുടെ കുടുംബങ്ങളോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രസംഗത്തിനിടെ വികാരാധീനനായി.