പാര്‍ട്ടിക്ക് അകത്തും വിയര്‍ത്ത് വസുന്ധര; രാജസ്ഥാനില്‍ ബിജെപിക്ക് മുട്ടിടിക്കുന്നത് ഇങ്ങനെ

vasundhara-raje-scindia
SHARE

‘സംസ്ഥാനത്തിന്‍റെ എല്ലാ മൂലയിലും നടക്കുന്നതിനെക്കുറിച്ചറിയാന്‍ ഞാന്‍ ദൈവമല്ല..'. ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ കുപ്രസിദ്ധിനേടിയ രാജസ്ഥാനില്‍ അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചുകൊന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയുടെ പ്രതികരണം പരുഷമായിരുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപിയുടെ  ഭാവി നിശ്ചയിക്കുന്നത് ദൈവമല്ല, വോട്ടര്‍മാരാണ് എന്ന് മറന്നുള്ള മറുപടിയായിരുന്നു അതെന്ന് വിമര്‍ശനമുയര്‍ന്നു. 

വിവാദങ്ങളാല്‍ സമ്പന്നമായ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച തേടിയിറങ്ങുമ്പോള്‍ വസുന്ധരയ്ക്ക് ആദ്യം നേരിടേണ്ടത് സ്വന്തം പാര്‍ട്ടിയെ തന്നെയാണ്. അത്രയേറെ വിമര്‍ശകരുണ്ട് പാര്‍ട്ടിക്കുള്ളില്‍. ബിജെപി കേന്ദ്രനേതൃത്വത്തിനും ആര്‍എസിനും  വസുന്ധരയോട് അത്ര പഥ്യം പോര. പക്ഷേ ചൂണ്ടിക്കാട്ടാന്‍ മറ്റൊരു നേതാവില്ല രാജസ്ഥാനില്‍ ബിജെപിക്ക്. അതുകൊണ്ട് വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് മൂന്നാംവട്ടവും വസുന്ധരയെന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തന്നെ നീക്കി നിര്‍ത്തിക്കൊണ്ടേ അമിത് ഷായ്ക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുരുളഴിക്കാനാകൂ. 

മധ്യപ്രദേശിലെ സമ്പന്നമായ ഗ്വാളിയോര്‍ രാജകുടുംബത്തില്‍, അവരുടെ പ്രതാപ കാലത്താണ് വസുന്ധര രാജെ സിന്ധ്യയുടെ ജനനം. ഗ്വാളിയർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയുടെയും വിജയരാജെ സിന്ധ്യയുടെയും പുത്രി. രാജസ്ഥാനിലെ ദോല്‍പുര്‍ രാജകുടുംബത്തിേലക്ക് 1972ല്‍ ‍വിവാഹിതയായി വരുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു വസുന്ധരയ്ക്ക്. ഒരുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞെങ്കിലും വസുന്ധര രാജസ്ഥാനില്‍ തന്നെ തുടര്‍ന്നു. 1984-ൽ ഭാരതീയ ജനതാപാർട്ടിയിലൂടെ സജീവ രാഷ്ട്രിയ പ്രവർത്തനം ആരംഭിച്ചു. 

കൊടക്കൈനാലിലെ പ്രസന്‍റേഷന്‍ ബോര്‍ഡിങ് സ്കൂളില്‍ പഠനം. ‌‌മുംബൈ സോഫിയ കോളജില്‍ നിന്ന് ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം. ക്രിക്കറ്റിനെയും നായ്ക്കളെയും ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി. സമ്പന്നതയുടെ ശീതളിമയില്‍ മാത്രം ജീവിച്ചുശീലമുള്ള ഒരാള്‍. അങ്ങനെയൊരാള്‍ക്ക് ഏറ്റവും പ്രാഥമികമായ ആവശ്യങ്ങള്‍ക്കുവരെ ബുദ്ധിമുട്ടുന്ന രാജസ്ഥാനിലെ ഭൂരിപക്ഷമായ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ എത്രത്തോളം മനസിലാക്കാനാകും? ആ ചോദ്യത്തിനു ഉത്തരമെന്നോണം 1989 മുതൽ അഞ്ചുതവണ ലോക്സഭയിലേക്കും നാലുതവണ നിയമസഭയിലേക്കും ജയിച്ചുകയറി. രണ്ടുവട്ടം രാജസ്ഥാന്‍റെ മുഖ്യമന്ത്രിയായി. ആ സ്ഥാനത്തെത്തുന്ന ആദ്യവനിതയും. അടുത്തഘട്ടം പക്ഷേ വസുന്ധരയ്ക്ക് കനത്ത വെല്ലുവിളിയാണ്. കാരണം മുഖ്യമന്ത്രിക്കെതിെര ഉയരുന്ന കരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേതുകൂടിയാണെന്നതു തന്നെ. 

വെല്ലുവിളികള്‍ അനവധി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടി വിജയിച്ച മുതിര്‍ന്ന നേതാവ് ഘന്‍ശ്യാം തിവാരി പാര്‍ട്ടിവിട്ടു. വസുന്ധരയുെട  ഏകാധിപത്യസമീപനത്തോട് കടുത്ത പ്രതിഷേധം  രേഖപ്പെടുത്തിക്കൊണ്ടായിരുന്നു തീരുമാനം. സംസ്ഥാനത്തും രാജ്യമൊട്ടാകെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു അമിത് ഷായ്ക്കയച്ച കത്തില്‍ തിവാരിയുടെ  ആരോപണം. മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിന്‍റെ മകനും എംഎല്‍എയുമായിേരുന്ന മാനവേന്ദ്രയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വസുന്ധരയുടെ ഗൗരവ് യാതയ്ക്കിടെ മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ തമ്മില്‍ത്തല്ലിയ പാര്‍ട്ടി പ്രാദേശികനേതാക്കളെ വേദിയില്‍ നിന്ന് ഇറക്കിവിടേണ്ടിവന്നു. 

ഐപിഎല്‍ കോഴ കേസിലെ വിവാദ നായകന്‍ ലളിത് മോദിക്ക് രാജ്യംവിടാന്‍ വഴിവിട്ട സഹായം തേടിയെന്നതുള്‍പ്പെടെ ആരോപണങ്ങളുടെ പെരുമഴ വേറെയും. ചുരുക്കത്തില്‍ കോണ്‍ഗ്രസിനെതിരെ പോരാടുക മാത്രമല്ല വസുന്ധര ചെയ്യേണ്ടത്. പാളയത്തിലെ പട നേരിടണം. പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം. ഒപ്പം ഭരണവിരുദ്ധവികാരത്തിന് പരിഹാരം കാണണം. 2013 തിര‍ഞ്ഞെടുപ്പില്‍ ആര്‍എസ്എസുമായുണ്ടായ ഭിന്നത പരിഹരിക്കാന്‍ ഇതുവരെ ശ്രമമുണ്ടായിട്ടില്ല. അവര്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ഥികള്‍ക്ക് വേണ്ട  പരിഗണന നല്‍കിയില്ലെന്നതാണ് അസ്വാരസ്യമുണ്ടാക്കിയത്. 

രണ്ടാമത്തെ ഘടകം കര്‍ഷകരാണ്. അവരുടെ പ്രതിഷേധം തണുപ്പിക്കുക ശ്രമകരമാണ്. കാരണം രാജ്യത്ത് ഏറ്റവും വരള്‍ച്ചയുള്ള സംസ്ഥാനത്ത് സമാനതകളില്ലാത്ത ദുരിതമാണ് അവര്‍ അനുഭവിക്കുന്നത്. കൃഷിയോഗ്യമായ 20 മില്യണ്‍ ഹെക്ടര്‍ ഭൂമിയില്‍  20 ശതമാനത്തിലും ആവശ്യത്തിന്  വെള്ളമില്ലെന്ന പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊടുംവരള്‍ച്ചയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കൊന്നും കാര്യമായ ഒരു നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. വെളുത്തുള്ളി സംഭരണമുള്‍പ്പെടെ പാളി. 

നടപ്പാക്കിയ പദ്ധതികള്‍ 

1. കുടുംബത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ഒന്നരക്കോടിയിലേറെ രാജസ്ഥാനി സ്ത്രീകളുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം നിക്ഷേപിക്കുന്ന പദ്ധതി 

2. ഗ്രാമങ്ങളെ ജലലഭ്യതയില്‍ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച കുടിവെള്ളപദ്ധതി 

3. ഭക്ഷ്യസുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ അന്നപൂര്‍ണ സ്റ്റോറുകള്‍  

4. ഗതാഗതശ്യംഖല മെച്ചപ്പെടുത്താനുള്ള ഗ്രാമീണ്‍ ഗൗരവ് പദ് യോജന 

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ക്ഷേമപദ്ധതികളുടെ ഒഴുക്ക് ഹൈക്കോടതിയുടെ വിമര്‍ശനത്തിനുതന്നെ വഴിവച്ചു. 12,000 കര്‍ഷകര്‍ക്കാണ് ലോണുകള്‍ അനുവദിച്ചത്. 21,500 സ്വീപ്പര്‍ തസ്തികകള്‍ സൃഷ്ടിച്ച് ദലിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ജോലിനല്‍കി, ആറായിരത്തോളം പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക്  പ്രമോഷന്‍ നല്‍കി. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. വോട്ടുമാത്രം ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഇത്തരം പദ്ധതികളൊക്കെ എത്രകണ്ടു പ്രയോജനപ്പെടുമെന്നാണ് ഇനി കാണേണ്ടത്. പ്രത്യേകിച്ചും സാധ്യമായ എല്ലാ പഴുതുകളിലും തിരിച്ചുവരാന്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ടീം തീവ്രശ്രമം നടത്തുമ്പോള്‍. 

വാല്‍ക്കഷണം: സംസ്ഥാനത്തെ ഐപിഎസ് ഓഫിസറുടെ ഭാര്യ മുകുള്‍ ചൗധരി, വസുന്ധരയ്ക്കെതിരെ സ്വതന്ത്രയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിഷ്പക്ഷമായി ജോലിചെയ്യുന്ന തന്‍റെ ഭര്‍ത്താവിനോട് ചില്ലറ ദ്രോഹമല്ല വസുന്ധരയുടെ സര്‍ക്കാര്‍ ചെയ്തതെന്നാണ് അവരുടെ വാദം.

MORE IN INDIA
SHOW MORE