പെട്രോളിൽ പുതിയ ന്യായവുമായി ബിജെപിയുടെ വിചിത്ര കാർഡ്; ട്രോളിൽ മുക്കി കോൺഗ്രസ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമാകെ ജനരോഷം കത്തിപ്പടരുകയാണ്. ഇന്ന് നടന്ന ഹർത്താൽ അതിശക്തവുമായിരുന്നു. ഈ അവസരത്തിൽ ഇന്ധനവിലവർദ്ധനവ് ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ച് ബിജെപിയുടെ ട്വീറ്റ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകൾ നിരത്തിയാണ് ബിജെപി രംഗത്തെത്തിയത്. ഇന്ധനവിലവർദ്ധനവിന്റെ യാഥാർത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി പുറത്തു വിട്ടത്. 

ഒന്ന് 2004 മുതലുള്ള പെട്രോൾ വിലയുടെയും മറ്റൊന്ന് ഡീസലിന്റെയും. അതിൽ പറയുന്നത്  2014 മുതൽ 2018 കാലയളവിൽ പെട്രോൾ വിലയിൽ 13 ശതമാനം മാത്രമാണ് വർദ്ധനവ് ഉണ്ടായതെന്നാണ്. അതേസമയം 2009 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത്  75.8 ശതമാനം വർദ്ധനവ് ഉണ്ടായെന്നും. ഡീസലിനും സമാനമായ അവസ്ഥയാണ് ഗ്രാഫിൽ. 

എന്നാൽ ഇത് വൻ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസ് ഭരണ കാലയളവിൽ ക്രൂഡ് ഓയിലിന് വില കൂടിയതാണ് ഇന്ധനവില വർദ്ധനവിന് കാരണമായത്. എന്നാൽ 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ക്രൂഡ് ഓയിലിന് 34 ശതമാനം വിലയിടിവാണ് ഉണ്ടായത്. പക്ഷേ രാജ്യത്ത് ഇന്ധനവില 13 ശതമാനം വർദ്ധിക്കുകയും ചെയ്തു.ഇതു വിശദമാക്കുന്ന ഗ്രാഫും കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബിജെപിയുടെ ഗ്രാഫിനെതിരെ ട്രോൾ പ്രവാഹമാണ്.