തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുറമെ ഗ്രാമവികസനമന്ത്രിയും അഴിമതി കുരുക്കില്‍

തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനും ആരോഗ്യമന്ത്രി വിജയഭാസ്കറിനും പിന്നാലെ ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണിയും അഴിമതി കുരുക്കില്‍. കോടികളുടെ നിര്‍മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആരോപണം.. വിജിലന്‍സിന് പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട് . രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു.  

മുന്‍സിപ്പല്‍ ഭരണവും ഗ്രാമവികസനവും കൈകാര്യം ചെയ്യുന്നത് മന്ത്രി എസ്.പി.വേലുമണിയാണ്. വകുപ്പുകളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് മന്ത്രിയുടെ സ്വന്തക്കാരുടെ കമ്പനികള്‍ക്ക് മാത്രമാണെന്ന് രേഖകള്‍ പറയുന്നു. ഒരു ലേലത്തില്‍ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഒഴിവാക്കിയ കമ്പനിക്ക് മറ്റൊരു ലേലത്തില്‍ കരാര്‍ ലഭിച്ചു.  പല കമ്പനികളുടെയും വരുമാനം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്.   ഇല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികള്‍ തട്ടിയതടക്കമുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ പതിമൂന്ന് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. ഇതില്‍ ഒമ്പത് പരാതികള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. രണ്ട് മാസമായിട്ടും തുടര്‍ നടപടികളില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

നിയമപ്രകാരമാണ് എല്ലാം ചെയ്തതെന്ന് എസ്.പി.വേലുമണി വിശദീകരിച്ചു.. നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പണം വാങ്ങി ഒത്താശ ചെയ്ത കേസില്‍ മന്ത്രി വിജയഭാസ്കര്‍ സിബിഐ നിരീക്ഷണത്തിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസും നിലനില്‍ക്കുന്നുണ്ട്. ഭരണം വീഴാന്‍ പോലും സാധ്യതയുള്ള വലിയ പ്രതിസന്ധികളാണ് അണ്ണാ ഡി.എം.കെയെ കാത്തിരിക്കുന്നത്.