എഴുതിയത് തെറ്റിച്ചു; ഒന്നാംക്ലാസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് അധ്യാപകൻ

പ്രതീകാത്മക ചിത്രം

എഴുതിയത് തെറ്റിച്ചതിന് ശിക്ഷയായി വിദ്യാർഥിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് അധ്യാപകൻ. ഉത്തർപ്രദേശിലാണ് സംഭവം. ക്ലാസിൽ വച്ച്  പഠനഭാഗങ്ങൾ എഴുതിയതിൽ തെറ്റ് വരുത്തിയതിനാണ് ക്രൂരമായി ശിക്ഷിച്ചത്. മുഖത്ത് അടിക്കുകയും പേന കൊണ്ട് കണ്ണിൽ കുത്തുകയുമാണ് ചെയ്തത്. പിന്നീട് ലവ്കുഷ് എന്ന കിന്റർഗാർട്ടൻ വിദ്യാർത്ഥിയുടെയാണ് ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചത്. കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ലക്നൗവിലെ ഷാജഹാൻപൂറിലുള്ള ഊർമിള ദേവി ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുമെന്ന് അറിഞ്ഞ അധ്യാപകനും സ്കൂൾ പ്രിൻസിപ്പലും ചികിൽസയ്ക്ക് വേണ്ട പണം നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി.  എന്നാൽ ഒരു ലക്ഷത്തോളം രൂപ ബിൽ തുക കണ്ട അവർ ആശുപത്രിയിൽ നിന്നും സ്ഥലം വിട്ടു.  കുട്ടിയുടെ പിതാവ് ഇവർക്കെതിരെ കേസ് കൊടുക്കുകയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജൂലൈ 25-നാണ് സംഭവം നടക്കുന്നത്. അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.