'നടപടിയെടുക്കാൻ മടിക്കില്ല';നിലപാട് കടുപ്പിച്ച് രാഹുൽ; ഉന്നം ശശി തരൂർ?

കോൺഗ്രസിന്റെ പോരാട്ടത്തെ ക്ഷയിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആരെയും പേരെടുത്ത് വിമർശിച്ചില്ലെങ്കിലും ശശി തരൂർ എംപിയുടെ സമീപകാലപരാമർശങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ കടുത്ത നിലപാടിന് പിന്നിലെന്നാണ് സൂചന. 

ഇന്ത്യയിൽ മുസ്‌ലിങ്ങളെക്കാൾ സുരക്ഷിതർ പശുക്കളാണെന്ന ശശി തരൂരിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിൽ രാഹുൽ ഗാന്ധിക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത്തരം പരസ്യപ്രസ്താവനകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പ്രചാരണങ്ങൾക്കും ക്ഷീണമാകും എന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കുള്ളത്. 

നേരത്തെ 2019ൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദു–പാകിസ്താൻ എന്നാക്കുമെന്നും ഭരണഘടനയെ പൊളിച്ചെഴുതുമെന്നും തരൂർ പറഞ്ഞിരുന്നു. വിവാദമായപ്പോഴും പരാമർശത്തിൽ തരൂര്‍ ഉറച്ചുനിന്നു. 

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിളിച്ച മുതിർന്ന നേതാവ് മണിശങ്കർ അയ്യറിനെ രാഹുൽ ഗാന്ധി സസ്പെൻഡ് ചെയ്തിരുന്നു. പരാമർശത്തിൽ അയ്യർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.