പിഡിപിയുമായുള്ള വഴിപിരിയൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മുവിൽ നേട്ടമുണ്ടാക്കാനുറച്ച് ബിജെപി

കശ്മീരിൽ പിഡിപി യുമായി വഴിപിരിഞ്ഞതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മുവിൽ നേട്ടമുണ്ടാക്കാനുറച്ച് ബിജെപി

കശ്മീരില്‍ പടരുന്ന അശാന്തിക്കു കാരണം പിഡിപി യുടെ പിടിവാശികളാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധിയാകും.

ഗവർണർ ഭരണത്തിലൂടെ കശ്മീരിൽ പൂർണ നിയന്ത്രണത്തിനാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രമം. കശ്മീരിൽ സൈനിക നടപടി ശക്തമാക്കി പ്രശ്നങ്ങൾ അടിച്ചമർത്താനാകും ഇനി ബിജെപിയുടെ ശ്രമം. അങ്ങനെയെങ്കിൽ മോദി സർക്കാരിന്റെ കാലത്ത് കശ്മീരിൽ അശാന്തി വർധിച്ചെന്ന ആരോപണം ദുര്ബലപ്പെടുത്താം. പിഡിപി യുടെ രാഷ്ട്രീയത്തെ അകറ്റിനിർത്തുന്ന ജമ്മുവിൽ ഇതിലൂടെ ബിജെപിക്ക് രാഷ്ട്രീയനേട്ടവും ഉണ്ടാക്കാം. ആറുമാസം വരെ സംസ്ഥാനത്ത് ഗവർണർ ഭരണം തുടരാം. അതിനു ശേഷം കേന്ദ്രസർക്കാരിന്റെ ശുപാർശയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും സാധിക്കും. അങ്ങനെയെങ്കിൽ നിയമസഭാ തിരഞ്ഞവടുപ്പ് എത്രകാലം വേണമെങ്കിലും നീട്ടിവെയ്ക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. എന്നാൽ മുതിർന്ന നേതാക്കളായ കവിന്ദർ ഗുപ്‌ത, ജുകൽ കിഷോർ എന്നിവർക്ക് സഖ്യത്തിൽ നിന്ന് പിന്മാറിയ നടപടിയിൽ അതൃപ്തി ഉണ്ടെന്നാണ് സൂചന. മുൻകൂട്ടി ആലോചിക്കാതെ കേന്ദ്ര നേതൃത്വം ഏകപക്ഷീയമായി തീരുമാനം എടുത്തതാണ് അതൃപ്തിക്കു കാരണം. നേതാക്കളെ അനുനയിപ്പിക്കാനായി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ഇന്ന് കാശ്മീരിലെത്തും.