ബിജെപിയെ കൈവിട്ട് ‘ഒറ്റയാന്‍’ പ്രഭാവം ; 272 എന്ന ബലം മോദിക്ക് സ്വന്തമല്ല

കർണാടക ബിജെപിക്ക് വൻ തിരിച്ചടിയായതോടെ കേന്ദ്രത്തിലും ബിജെപിക്ക് ‘ഒറ്റയാന്‍’ പ്രഭാവം നഷ്ടമായി. അധികാരത്തിലേറിയ മോദി സർക്കാരിന്റെ ഏറ്റവും വലിയ ആത്മവിശ്വസത്തിന്റെ അടിത്തറ കൂടിയാണ് കർണാടക ഇളക്കിയത്. പതിനാറാം ലോക്സഭയിൽ ആദ്യമായി  ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 272 എന്ന മാന്ത്രികസംഖ്യ ബിജെപിക്ക് നഷ്ടമായി. കര്‍ണാടകത്തിൽ നിന്നുള്ള അംഗങ്ങളായ ബിഎസ് യെഡിയൂരപ്പയും ബി.ശ്രീരാമലുവും എംപി സ്ഥാനം രാജിവച്ച് എംഎൽഎമാരായതോടെയാണ് ബിെജപിക്ക് 272 എന്ന വിസ്മയം കൈവിടേണ്ടി വന്നത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു ദിവസം ഉത്തര്‍പ്രദേശിലടക്കം നടക്കുന്ന ലോക്ഭാ ഉപതിരഞ്ഞെടുപ്പുകള്‍ വീറും വാശിയും നിറഞ്ഞതാകുമെന്ന് ചുരുക്കം. ഇരുപക്ഷവും 272നെ ചുറ്റിപ്പറ്റി കച്ചമുറുക്കും. 

543 സീറ്റുള്ള ലോക്സഭയിൽ ബിജെപിക്ക് മാത്രം കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകൾ അധികാരത്തിലേറിയപ്പോൾ ഉണ്ടായിരുന്നു. നിലവിൽ ഒറ്റയ്ക്ക് കഷ്ടിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ യെഡിയൂരപ്പയും ബി.ശ്രീരാമുലുവും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തോതടെ 271 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ്. ഇരുവരുടേയും സീറ്റുകളുൾപ്പെടെ ഏഴ് സീറ്റുകളാണ് ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നത്. അതുകൊണ്ട് 536 സീറ്റുകളിൽ സാങ്കേതികമായി ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ വരാനിരിക്കുന്ന  ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടിയുണ്ടായാൽ  ബിജെപിക്ക് ആ മുൻതൂക്കവും നഷ്ടപ്പെടും. 

ബിജെപി മാത്രമായി 282 സീറ്റ് എന്ന പ്രവചനാധീതമായ  സീറ്റുകളുമായാണ് മോദി പാർലമെന്റ് പടിക്കെട്ടിൽ സാഷ്ടാഗം നമസ്കരിച്ച് 2014ൽ അധികാരത്തിലേറുന്നത്. 282 എന്ന കക്ഷി നിലയിൽ നിന്നും 2018 ആയപ്പോഴേക്കും ബിജെപി എത്തിനിൽക്കുന്നത്  271 സീറ്റിൽ. ഇതിനിടയിൽ നടന്ന എട്ട് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. 2014-ൽ 44 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 48 സീറ്റുണ്ട്. കണക്കുകളിലെ കളി വിചിത്രമായി തന്നെ തുടരുമ്പോഴും ബിജെപിക്ക് ഇനി സഖ്യകക്ഷികളെ പരിഗണിക്കാതെ വഴിയില്ലാതെ വരും. പഴയ പോലെ വല്ല്യേട്ടൻ മനോഭാവത്തിന് തടയിടേണ്ടി വരുമെന്ന് സാരം.