വീടും കാറും ചോദിച്ച് മണിക് സര്‍ക്കാര്‍; ‘ആരോഗ്യ’ കാരണങ്ങളാലെന്ന് സിപിഎം; വിവാദം

രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നറിയപ്പെട്ടിരുന്ന മണിക് സർക്കാർ തനിക്ക് വീടും സഞ്ചരിക്കാൻ എസ്‌യുവി കാറും നൽകണമെന്ന് ആവശ്യപ്പെട്ട് ത്രിപുര സർക്കാരിന് കത്ത് നൽകി. അംബാസിഡർ കാറിൽ യാത്ര ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുളളതിനാൽ ഇന്നോവയുടേയോ സ്‌കോര്‍പിയയുടെയോ എസ്‌യു‌വി അനുവദിക്കണമെന്നാണ് ആവശ്യം. തനിക്ക് താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ഒരു വീട് അനുവദിക്കണമെന്നും മണിക് സർക്കാർ ആവശ്യപ്പെട്ടു.

കത്ത് ലഭിച്ചതിനെ തുടർന്ന് മണിക് സർക്കാരിന് ബൊലേറോ ജീപ്പ് നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ മണിക്ക് സര്‍ക്കാര്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

അഞ്ച് വർഷം പഴക്കമുളളതും 1.25 ലക്ഷം കിലോമീറ്റർ ഓടിയതുമായ വാഹനമായതിനാലാണ് നിരസിച്ചത്. ശാരീരിര ബുദ്ധിമുട്ടുളളതിനാലാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നും ഇതിന്റെ പേരിൽ ബിജെപി അദ്ദേഹത്തെ ബൂർഷ്വയായി ചിത്രീകരിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

ആഡംബര ജീവതം നയിക്കുന്നതിനുള്ള ആവശ്യങ്ങളാണ് മണിക് സര്‍ക്കാരിന്റേതെന്ന് ബിജെപി വക്താവ് സുബ്രത ചക്രവര്‍ത്തി ആരോപിച്ചിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച മാറി. മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികള്‍ക്ക് 15 വര്‍ഷം പഴക്കമുള്ള മാര്‍ക്‌സ് ഏംഗല്‍ സരണി എന്ന പേര് മാറ്റി ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി എന്നാക്കുകയും ചെയ്തു.