ഗ്രാമവാസികള്‍ എതിര്‍ത്തു; കഠ്‌വ ബാലികയുടെ മൃതദേഹം അടക്കിയത് 8 കി.മീ അകലെ

മൃതദേഹം അടക്കിയത് ഇവിടെ

കഠ്‌വയിലെ രസന ഗ്രാമത്തില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ, സാമാന്യം പാടുപെട്ട് ആ കുന്നിന്‍പുറത്തേക്ക് നടന്നെത്തിയാല്‍ പൊന്നിന്‍നിറമണിഞ്ഞ ഗോതമ്പുപാടം കാണാം. ആ പറമ്പിന്‍റെ ഒരു മൂലയില്‍ ഒരു കുഴിമാടം.. അത് ആ എട്ടു വയസ്സുകാരിയുടേതാണ്. രാജ്യത്തെയാകെ വിറങ്ങലിപ്പിച്ച് ഖഠ്‌വ മാനഭംഗത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട ബാലികയുടേത്. അഞ്ചടി നീളമുള്ള ഖബറില്‍ അവള്‍ ഉറങ്ങുന്നു.

ആ ജനുവരി 17ന് അവളുടെ മൃതശരീരം കണ്ടെത്തിയപ്പോള്‍ വളര്‍ത്തച്ഛന്‍ ആഗ്രഹിച്ചത് രസനയില്‍ തന്നെ അവളെ അന്തിയുറക്കാം എന്നാണ്. പതിറ്റാണ്ട് മുന്‍പ് ഭാര്യയും മൂന്ന് മക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അവരെ അടക്കിയതിനിരികെ ഈ മകള്‍ക്കും കുഴിമാടമൊരുക്കാം എന്ന് കരുതി ഈ അച്ഛന്‍. പക്ഷേ രസന ഗ്രാമവാസികള്‍ അതിന് സമ്മതിച്ചില്ല. ജാതിയുടെയും മതത്തിന്‍റെയും നിയമത്തിന്‍റെയും വേലിക്കെട്ടുകളുയര്‍ത്തി അവര്‍ അതിനെ എതിര്‍ത്തു. 

‘അപ്പോഴേക്ക് സന്ധ്യയായിരുന്നു. ഗ്രാമവാസികള്‍ വന്ന് എതിര്‍പ്പ് പറയുമ്പോഴേക്ക് ഞങ്ങള്‍ പകുതി കുഴിയെടുത്തുകഴിഞ്ഞിരുന്നു. ആ മണ്ണ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് കാട്ടാന്‍ അവര്‍ രേഖകളൊക്കെ കൊണ്ടുവന്നിരുന്നു..’ കണ്ണീരോടെ ആ രംഗം ഓര്‍ത്തെടുക്കുന്നു മുത്തശ്ശി. 

ആ 86 മുറിവുകൾ ഒരാഴ്ചത്തെ പീഡനത്തിൽ: ആരും ഏറ്റെടുക്കാതെ 11കാരിയുടെ മൃതദേഹം

പെണ്‍കുട്ടി താമസിച്ചിരുന്ന വീട്

‘ഞങ്ങളുടെ കയ്യില്‍ മൃഗീയമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മൃതദേഹമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. അത് അടക്കം ചെയ്യാന്‍ എത്ര മണ്ണ് വേണം..? അവര്‍ കുറച്ച് ഹൃദയവിശാലത കാട്ടിയിരുന്നെങ്കില്‍..’ പെണ്‍കുട്ടിയുടെ മുത്തശ്ശന്‍ ചോദിച്ചു. ഓരോരോ കാരണങ്ങള്‍ പറ‍ഞ്ഞ് ഇക്കൂട്ടര്‍ മണ്ണ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മരുവിഭാഗം ആരോപിച്ചു. 

നിഷ്കളങ്കയായ ഈ പെണ്‍കുട്ടിയുടെ മരണം ആ ഗ്രാമത്തില്‍ വര്‍ഗീയമായ ചേരിതിരിവുകള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

(ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അധികരിച്ച് തയാറാക്കിയത്.)