നീരവ് മോദിയുടെ ഭൂമി പിടിച്ചടക്കി കർഷകർ‍; ഇത് ഒരു സൂചന മാത്രമെന്ന് മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ നിരവ് മോദിയുടെ ഉടമസ്ഥതയിയുള്ള ഭൂമിയില്‍ കൃഷിയിറക്കി കര്‍ഷകരുടെ പ്രതിഷേധം. അഹമ്മദ് നഗറിലുള്ള നീരവിന്റെ 250 ഏക്കര്‍ ഭൂമിയിലാണ് കര്‍ഷകര്‍ കൃ‍ഷിയിറക്കിയത്. കേന്ദ്ര -സംസ്ഥാന കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും, ഭൂമിയുടെ യഥാർത്ഥ അവകാശികൾ കർഷകരാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കർഷകരുടെ പ്രതിഷേധം. ട്രാക്ടറുകളുമായി സംഘടിച്ചെത്തിയ കര്‍ഷകര്‍ നിലംഉഴുതു വിത്ത് വിതയ്ക്കുകയായിരുന്നു.

പ്രതിഷേധ സമരത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം ഇരുന്നോറോളം പേര്‍ പങ്കെടുത്തു. ദേശീയ പതാകയും അംബേദ്കറുടെ ചിത്രവും  കയ്യിലേന്തിയവര്‍ നീരവ് മോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. 'ഭൂമി ആന്തോളൻ' എന്ന പേരിൽ തുടർന്നും പ്രക്ഷോഭംനടത്തുമെന്നും  ഇപ്പോളത്തെ കൃഷിയിറക്കൽ സമരം സൂചന മാത്രമാണെന്നും കർഷകർ അറിയിച്ചു. 2013ലാണ് തുച്ഛമായ തുക കൊടുത്ത് നീരവിന്റെ കമ്പനി കര്‍ഷകരില്‍ നിന്ന് 250 ഏക്കര്‍ ഭൂമി വാങ്ങിയത്.