'11400' കോടിയിലും ഒതുങ്ങുന്നില്ല നീരവിന്റെ തട്ടിപ്പ് !

വജ്രവ്യാപാരി നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി വര്‍ധിക്കുന്നു. പന്ത്രണ്ടായിരത്തി എഴുന്നൂറ് കോടിയുടെ തട്ടിപ്പാണ് നീരവ് നടത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, പിഎന്‍ബിയുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തി.

 11400 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ആദ്യത്തെ ഒൗദ്യോഗിക വിശദീകരണം. എന്നാല്‍ ബാങ്ക് നടത്തിയ അന്വേഷണത്തില്‍ 1300 കോടിയുടെ തട്ടിപ്പ് കൂടി കണ്ടെത്തി. ഭൂരിഭാഗം ക്രമക്കേടും നടന്നത് മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ മുംബൈ സ്റ്റോക് എക്സേഞ്ചിന് കൈമാറി. പതിനാറ് ബാങ്കുളിലായി ഇരുപത്തിരണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടതെന്നാണ് എന്‍ഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍. 2017 മാര്‍ച്ച് 31വരെ നീരവും മെഹുല്‍ ചോക്സിയും ചേര്‍ന്ന് 37 ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. അതിനിടെ അന്വേഷണ ഉദ്യാഗസ്ഥരില്‍ നിന്ന് പാര്‍ലമെന്‍റിന്‍റെ, പ‍ബ്ലിക് അക്കൗണ്‍സ് കമ്മിറ്റി വിശദാംശങ്ങള്‍ ആരാഞ്ഞു.