അരങ്ങ് കീഴടക്കി സഹോദരങ്ങളുടെ യാത്ര...

നാടകമൽസരങ്ങളിലെ പ്രകടനങ്ങളിലൂടെ മുംബൈ മലയാളികളുടെ കയ്യടിനേടുന്ന സഹോദരങ്ങളെ പരിചയപ്പെടാം. തൃശൂർ സ്വദേശികളായ ശ്രീജിത്ത് മോഹനും, ശ്രുതി മോഹനും. ഇരുവരും കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച നാടകമൽസരത്തിലെ വിജയികളുമാണ്. 

ചെറുപ്പംമുതൽ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും ശ്രീജിത്തും, ശ്രുതിയും അപ്രതീക്ഷിതമായാണ് നാടകത്തിലേക്കെത്തിയത്. പുതിയകാലത്ത് അധികമാരും അടുക്കാത്ത തീയേറ്റർ ആർടിസ്റ്റ് എന്ന തലത്തിലേക്ക് ഇരുവരും പെട്ടെന്ന് ഉയർന്നു. 

കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച പശ്ചിമമേഖലാ നാടകമൽസരത്തിൽ, പൻവേൽ മലയാളിസമാജത്തിൻറെ 'ഇഡിയറ്റ്സ്' എന്നനാടകത്തിനായിരുന്നു ഒന്നാംസ്ഥാനം. ഇതേ നാടകത്തിൽ അഭിനയിച്ച ശ്രുതിയും ശ്രീജിത്തും മികച്ച നടീനടൻമാരായി. പിന്നീട് ദേശീയതലത്തിൽ സംഘടിപ്പിച്ച നാടകമൽസരത്തിലും ശ്രീജിത്ത് ഒന്നാമതെത്തി. ഒരു ട്രാൻസ്ജൻഡറിൻറെ വേഷമാണ് ശ്രീജിത്ത് അവിസ്മരണീയമാക്കിയത്. 

അഞ്ചുവർഷംമുൻപ് പ്രിയമാനസം എന്ന നാടകത്തിലൂടെയാണ് ഈ രംഗത്തേക്കുള്ള ശ്രുതിയുടെ കടന്നുവരവ്. 

തൃശൂർ പാവറട്ടി സ്വദേശി മോഹനും സുധയുമാണ് മാതാപിതാക്കൾ. നാടകരംഗത്തുനിന്നും ആർജിക്കുന്ന അനുഭവങ്ങൾ ഇരുവരുടേയും സിനിമാമോഹത്തിന് സഹായകരമാകുമെന്ന് ഇവർകരുതുന്നു.