ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

സ്കോർപീൻ ക്ലാസിലെ ആദ്യത്തെ ഇന്ത്യൻ മുങ്ങിക്കപ്പൽ 'ഐഎൻഎസ് കൽവരി' നേവിയുടെ ഭാഗമായി. മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പൽ രാജ്യത്തിനു സമർപ്പിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎൻഎസ് കൽവരിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ഡീസൽ-ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണ്. ഫ്രാൻസുമായി പന്ത്രണ്ടുവർഷം മുൻപ് ഇന്ത്യ ഒപ്പിട്ട കരാർപ്രകാരം 2012 ഡിസംബറിൽ ആദ്യ മുങ്ങിക്കപ്പൽ പൂർത്തിയാകേണ്ടിയിരുന്നതാണ്. എന്നാൽ പദ്ധതി വൈകി. പിന്നീട്, എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം പദ്ധതി വേഗത്തിലാക്കി. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ തെളിവാണ് ഐഎൻഎസ് കൽവരിയെന്ന്, മുങ്ങിക്കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. 

നാലുമാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്. കടലിനടിയിൽ 6500 നോട്ടിക്കൽ മൈൽ ആഴത്തിൽ സഞ്ചരിക്കാനാകുന്ന കപ്പലിനെ, ശത്രുക്കളുടെ നിരീക്ഷണ സംവിധാനത്തിന് എളുപ്പത്തിൽ കണ്ടെത്താനാവാത്തത് പ്രത്യേകതയാണ്. 40 ദിവസംവരെ സമുദ്ര അടിത്തട്ടിൽ കഴിയാൻ സാധിക്കും. സമുദ്ര അടിത്തട്ടിലെ നിരീക്ഷണം, ശത്രു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തുക, അക്രമം നടത്തുക തുടങ്ങിയവയാണ് ദൗത്യങ്ങൾ.