തമിഴ്നാട്ടിലും ചെറിയ ഉളളി പൊളളും; എക്കാലത്തെയും കൂടിയ വില

തമിഴ്നാട്ടിലും ഉള്ളിവില കുതിച്ചുയരുന്നു. ചെറിയ ഉളളി ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ കിലോയ്ക്ക് 180 ലാണ് വില്‍പ്പന നടക്കുന്നത്. കൃഷിനാശമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സവാളയ്ക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. 

ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തെങ്കാശി, കോയമ്പത്തൂര്‍, മധുര തുടങ്ങിയ ജില്ലകളിലാണ് ചെറിയുള്ളി പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാല്‍ കൃഷിനാശം കാരണം കഴിഞ്ഞ മൂന്ന് മാസത്തോളമായി ചെറിയുള്ളിയുടെ വരവ് കുറഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിയാണ് നശിച്ചത്. ഇപ്പോള്‍ വിപണിയിലെത്തുന്ന ചെറിയുള്ളിക്കാണെങ്കില്‍ പൊള്ളുന്ന വിലയും. 180 വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. 

വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വലിയുള്ളിക്കും വില കൂടുതലാണ്. ആന്ധ്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ് തമിഴ്നാട്ടിലേക്ക് വലിയുള്ളി കൂടുതലായും വരുന്നത്.തമിഴ്നാട്ടിലുണ്ടായ കനത്ത മഴ പല ജില്ലകളിലും വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ മറ്റ് പച്ചക്കറികള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്.