വിമര്‍ശനത്തിലെ തെറ്റുതിരുത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

വിമര്‍ശനത്തിലെ തെറ്റുതിരുത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയോട് ട്വിറ്ററില്‍ ചോദിച്ച ചോദ്യങ്ങളിലൊന്നിലാണ് പിഴവുവന്നത്. ഇതിനെ കടന്നാക്രമിച്ച ബിജെപി സൈബര്‍ പടയോടാണ് രാഹുല്‍ ട്വിറ്ററില്‍ത്തന്നെ ഹാസ്യരൂപേണ നന്ദിപ്രകടനം നടത്തിയത്. 

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ദിവസേന ജനകീയവിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞദിവസം വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനൊപ്പം ഉള്‍പ്പെടുത്തിയ ടേബിളില്‍ വിലവര്‍ധനയുടെ ശതമാനം തെറ്റായി രേഖപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ പഴയ പപ്പുവിളികളുമായി ബിജെപി, സംഘപരിവാര്‍ സൈബര്‍ പട ആക്രമണം തുടങ്ങി. ഇതിനോടാണ് രാഹുല്‍ ഗാന്ധി ഹാസ്യരൂപേണ പ്രതികരിച്ചത്. 

ഞാന്‍ പ്രധാനമന്ത്രി മോദിയെപ്പോലയല്ല, മനുഷ്യനാണ്. മനുഷ്യര്‍ക്ക് ചില തെറ്റൊക്കെ പറ്റും. അതാണല്ലോ ജീവിതം രസകരമാക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. വരുംദിവസങ്ങളിലും ഇത് തുടരണം. എല്ലാവര്‍ക്കും സ്നേഹം. മിനിറ്റുകള്‍ക്കുള്ളില്‍ ഈ മറുപടി ആയിരക്കണക്കിനാളുകള്‍ പങ്കുവച്ചു. ആദ്യമണിക്കൂറില്‍ത്തന്നെ ലൈക്കുകളും ആറായിരമെത്തി. എന്നാല്‍ ഇവിടെയും സംഘപരിവാര്‍ ഹാന്‍ഡിലുകളുടെ ആക്രമണത്തില്‍ കുറവില്ല.