തമിഴകത്ത് ഇനി വെജിറ്റേറിയന്‍ രാജ്ഭവന്‍

തമിഴ്നാട് രാജ്ഭവനില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്ക്. രാജ്ഭവനുള്ളില്‍ മുട്ടയുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ പാചകം ചെയ്യുകയോ കൊണ്ടുവന്ന് കഴിക്കുകയോ ചെയ്യരുതെന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിര്‍ദേശിച്ചു. സസ്യാഹാരങ്ങള്‍ മാത്രം മതിയെന്നും മാംസം കഴിക്കേണ്ടവര്‍ക്ക് പുറത്തുപോയി കഴിക്കാമെന്നുമാണ് പുതിയ രീതിയെന്നാണ് രാജ്ഭവനിലെ ജീവനക്കാര്‍ നല്‍കുന്ന വിവരം.  

ഒക്ടോബര്‍ ആറിനാണ് തമിഴ്നാട് ഗവര്‍ണറായി പുരോഹിത് ചുതലയേല്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അധികാരമേറ്റയുടെനെ തമിഴ് പഠിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരു പ്രൈവറ്റ് ട്യൂട്ടറുടെ സഹായത്തോടെയാണ് തമിഴ് പഠിക്കുന്നത്. തന്നെ കാണാന്‍ വരുന്നവര്‍ ഷോളുകളോ പൂച്ചെണ്ടുകളോ സമ്മാനിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കോയമ്പത്തൂരിലെത്തിയ ഗവര്‍ണര്‍ നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥരുടെയും കലക്ടറുടെയും യോഗം വിളിച്ചത് വിവാദമായിരുന്നു. ഗവര്‍ണറുടെ നീക്കത്തില്‍ ഡി.എം.കെയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കോയമ്പത്തൂരില്‍ ബസ്റ്റാന്‍ഡ് ശുചീകരണത്തിന് ഗവര്‍ണര്‍ നേരിട്ടിറങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞു. തമിഴ്നാട് നിയമസഭയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി നിര്‍ദേശിച്ചാല്‍ രാഷ്ട്രീയ ശ്രദ്ധ മുഴുവന്‍ ഗവര്‍ണറിലേക്ക് തിരിയും. രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അധികാരമേറ്റശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു